തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ സമ്പൂർണ്ണ അഴിച്ചുപണി തിടുക്കപ്പെട്ട് വേണ്ടെന്ന് നേതൃയോഗത്തിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം. വിശദമായ കൂടിയാലോചനകൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന വികാരമാണ് പല നേതാക്കളും പ്രകടിപ്പിച്ചത്.
പുതിയ നേതൃത്വം ചുമതലയേറ്റ ശേഷം ആദ്യമായി ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പ്രാധാന്യം വേണമെന്ന അഭിപ്രായമാണ് പൊതുവിൽ ഉയർന്നത്. ആരോഗ്യ പ്രശ്നം മൂലം സ്ഥാനമൊഴിയാൻ സന്നദ്ധത കാട്ടിയിട്ടുള്ള ഡി.സി.സി അദ്ധ്യക്ഷന്മാരെയും പ്രവർത്തനത്തിൽ തീരെ പിറകിലുള്ളവരെയും ഒഴിവാക്കുന്നതിൽ അപാകതയില്ല..
കെ.പി.സി.സിയുടെ പ്രവർത്തനം സുഗമമാക്കാൻ അത്യാവശ്യമെങ്കിൽ വേണ്ട മാറ്റങ്ങളുമാവാം. എങ്കിലും, നിലവിലെ ചുതമലക്കാർ തത്കാലം തുടരുന്നതിനോടാണ് ഭൂരിപക്ഷത്തിനും താത്പര്യം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇത് സഹായകമാവുമെന്നും അവർ ചൂണ്ടിക്കാട്ടി.
തീരുമാനങ്ങളെടുക്കുമ്പോൾ അത് ഏകപക്ഷീയമാവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം.സുധീരൻ പറഞ്ഞു. നല്ല അന്തരീക്ഷമാണ് നിലവിലുള്ളതെന്നും തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന മൊത്തത്തിലുള്ള വികാരം
നിലനിറുത്തണമെന്നും മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി അഭിപ്രായപ്പെട്ടു.എല്ലാവരെയും ഒരുമിച്ച് നിറുത്താനുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ പറഞ്ഞു. പോകുന്നവർ പോകട്ടെയെന്ന സമീപനം പാടില്ല. ഒരാളും വിട്ടു പോകുന്ന സാഹചര്യം ഉണ്ടാക്കരുത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോൾ പ്രധാനം. തിരുവനന്തപുരം പോലുള്ള ജില്ലകളിൽ ത്രികോണ മത്സരത്തിനാണ് സാദ്ധ്യത. ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ ബി.ജെ.പിക്കാവും അതിന്റെ ഗുണം കിട്ടുകയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വാർഡ് കമ്മിറ്റികൾ രൂപീകരിച്ചതും 12,000ത്തോളം കുടുംബ സംഗമങ്ങൾ നടത്തിയതും പരിശീലന പരിപാടികൾ സംഘടിപ്പിച്ചതുമടക്കം സ്ഥാനമൊഴിഞ്ഞ നേതൃത്വം മികവാർന്ന പ്രവർത്തനം നടത്തിയെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവ് വൈകാതെ സംഘടിപ്പിക്കാനും ധാരണയായി. കോഴിക്കോട്ട് ചേരാനാണ് സാദ്ധ്യത. പ്രവർത്തക സമിതി അംഗങ്ങളായ കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല , കൊടിക്കുന്നിൽ സുരേഷ് , ശശി തരൂർ,കെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫിപറമ്പിൽ എം.പി എന്നിവർ പങ്കെടുത്തില്ല.പാർട്ടിയാണ് തന്റെ വഴികാട്ടിയെന്നും തന്നെ ഇതുവരെ എത്തിച്ചത് പാർട്ടിയാണെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
പാർട്ടിയോടുള്ള നന്ദിയും കൂറും മരിക്കുംവരെ ഉണ്ടാവും. താൻ എപ്പോഴും സന്തോഷവാനാണ്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഒരു മുറിവും തനിക്കുണ്ടായിട്ടില്ല. ആരൊക്കെ എന്തൊക്കെ തനിക്കെതിരെ ചെയ്താലും പാർട്ടിക്കെതിരെ വാക്കു കൊണ്ടോ നോക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നും ചെയ്യില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എല്ലാ മണ്ഡലങ്ങളിലും പോകും. ഇതിലുള്ള അനുവാദം പുതിയ കെ.പി.സി.സി പ്രസിഡന്റ് തന്നുകഴിഞ്ഞു. നേരെ വാ നേരെ പോ എന്നതാണ് തന്റെ സിദ്ധാന്തം. ആരു വന്നാലും താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.