തൊടുപുഴ : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന റാപ്പർ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങളുമായി പൊലീസ്. ഇടുക്കി വാഴത്തോപ്പ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു നടക്കുന്ന ‘എന്റെ കേരളം’ പ്രദർശനത്തിന്റെ ഭാഗമായുള്ള കലാപരിപാടിയിലാണ് ഇന്നു രാത്രി 7.30നു വേടൻ പാടുന്നത്. പരമാവധി 8000 പേർക്കു മാത്രമാണ് സംഗീതനിശയിലേക്കു പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം.
കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. പരിപാടിക്ക് വൻ സുരക്ഷാ സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുന്നൂറിലധികം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. വിവാദങ്ങളിൽപെട്ടതോടെ സർക്കാർ പരിപാടിയിൽ നിന്ന് ഒഴിവാക്കിയ റാപ്പർ വേടന് ഒടുവിൽ സർക്കാർ തന്നെ വേദിയൊരുക്കുകയായിരുന്നു. സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേടനെ ക്ഷണിച്ചത്. പ്രദർശനത്തിന്റെ ആദ്യ ദിവസമായ കഴിഞ്ഞ 29നാണ് വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ തലേദിവസം കഞ്ചാവുമായി പിടിയിലാകുകയും മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്നാരോപിച്ച് വനംവകുപ്പ് ജാമ്യമില്ലാ കേസെടുക്കുകയും ചെയ്തതോടെ പരിപാടി റദ്ദാക്കി. എന്നാൽ, കേസിൽ വേടനെ വനംവകുപ്പ് വേട്ടയാടുകയാണെന്ന് ആരോപിച്ചുണ്ടായ ജനപിന്തുണയും കേസിൽനിന്ന് വനംവകുപ്പ് പിന്നാക്കം പോയതും പരിപാടിയിലേക്കു വേടനെ വീണ്ടും ക്ഷണിക്കാൻ കാരണമായി. ഇന്നു നിശ്ചയിച്ചിരുന്ന ആട്ടം കലാസമിതി ആൻഡ് തേക്കിൻകാട് മ്യൂസിക് ബാൻഡിന്റെ പരിപാടി മാറ്റിയാണു വേടന്റെ പരിപാടി ഉൾക്കൊള്ളിച്ചതെന്നു സംഘാടകർ അറിയിച്ചു.സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന റാപ്പർ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങളുമായി പൊലീസ്
0
തിങ്കളാഴ്ച, മേയ് 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.