തിരുവനന്തപുരം: വർക്കലയിൽ കിടപ്പുരോഗിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ വെറ്ററിനറി ഡോക്ടർ കൂടിയായ സഹോദരൻ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും. അഡിഷനൽ സെഷൻസ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.
2022 സെപ്റ്റംബർ 24നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വർക്കല മേൽവെട്ടൂരിലെ വീട്ടിൽ കിടപ്പുരോഗിയായ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സാച്ചെലവ് ഇനത്തിൽ വലിയൊരു തുക ചെലവാകുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.പാങ്ങോട് സൈനിക ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ചുഴലി രോഗത്തെ തുടർന്നാണ് സന്ദീപ് കിടപ്പുരോഗിയായത്. വീടിനോടു ചേർന്ന ഔട്ട്ഹൗസിൽ കെയർടേക്കറുടെ പരിചരണത്തിൽ കഴിയുകയായിരുന്നു.ഒന്നാം സാക്ഷി കൂടിയായ കെയർടേക്കർ സത്യദാസിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. ഔട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ കയറി പ്രതി സന്ദീപിനെ ഉപദ്രവിച്ചുവെന്നും പിടിച്ചുമാറ്റാൻ ചെന്ന തന്നെ മുറിയിൽനിന്നു പുറത്താക്കിയെന്നും സത്യദാസ് മൊഴി നൽകിയിരുന്നു. തുടർന്ന് സന്ദീപിന്റെ അമ്മയെ വിളിച്ചു കൊണ്ട് വന്നപ്പോൾ പ്രതി സന്ദീപിനെ കത്തി കൊണ്ട് കുത്തുന്നതു കണ്ടു എന്നുമായിരുന്നു മൊഴി. 2022 ഡിസംബർ 20 നാണ് വർക്കല പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.