പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് എം വിൻസെന്റ് എംഎൽഎ.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് മുമ്പായി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോവളം എംഎൽഎയായ വിൻസെന്റ്. സർക്കാർ ഉത്തരവാദിത്തം കാട്ടിയില്ല. തുറമുഖം അഞ്ച് വർഷം വൈകി.ഉമ്മൻചാണ്ടി വാചാരിച്ചതുകൊണ്ടാണ് വിഴിഞ്ഞം യാഥാർത്ഥ്യമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റെയിൽ റോഡ് കണക്ടിവിറ്റിയില്ലാതെയാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ അവഹേളിച്ചുവെന്നും എം വിൻസെൻ്റ് ആരോപിച്ചു.
കേരളത്തെയും ഭാരതത്തെയും സംബന്ധിച്ച് അഭിമാന ദിവസമാണിന്ന് എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. കല്ല് മാത്രം ഇട്ടു എന്ന പ്രചാരണം പച്ചക്കള്ളമാണ്. ഉമ്മൻ ചാണ്ടി സർക്കാർ തറക്കല്ലിട്ട് പണി തുടങ്ങിയിരുന്നു. എൽഡിഎഫ് സർക്കാർ ഒന്നും ചെയ്യാതെ ക്രെഡിറ്റ് എടുക്കാൻ പിആർ വർക്ക് ചെയ്യുകയാണ്.ഉമ്മൻചാണ്ടിയുടെ ഓർമ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ചടങ്ങിന് ക്ഷണിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് നാടിന് സമർപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം.
തുറമുഖം സന്ദർശിക്കുന്ന പ്രധാനമന്ത്രി ബർത്തിലെത്തി മദർഷിപ്പിനെ സ്വീകരിക്കും. ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. തുറമുഖത്തിലൂടെ വാണിജ്യ-വ്യാപാര രംഗത്ത് വൻകുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉദ്ഘാടനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ഉദ്ഘാടനസമയത്തും വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലിയുള്ള വിവാദം തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനത്തിനെത്തില്ല.
ഉമ്മൻ ചാണ്ടിയുടെ പങ്കാളിത്തം ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. സംസ്ഥാന വ്യാപകമായി ഇന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.