തിരുവനന്തപുരം : വീട്ടിൽ രഹസ്യ അറകൾ തീർത്ത് വൻതോതിൽ കഞ്ചാവ്, മയക്കുരുന്ന് എന്നിവ മൊത്തക്കച്ചവടം നടത്തിയ ആൾ പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം ചാക്ക സ്വദേശി അനീഫ് ഖാനെ സംഭവത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡും എക്സൈസ് ഐബിയും ചേർന്ന് പിടികൂടി.
അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മൂന്ന് നിലയുള്ള വീട്ടിൽ രണ്ടാം നിലയിൽ രഹസ്യ അറകൾ നിർമ്മിച്ചായിരുന്നു ഇയാൾ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രണ്ടാം നിലയിലെ ചുമരിന്റെ മുകളിൽ തടി പാനൽ ചെയ്ത നിലയിലായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി വിശദമായി രണ്ടാം നില പരിശോധിച്ചതോടെയാണ് ഈ പാനലുകൾക്കിടയിൽ ഒരു നട്ടുള്ളത് എക്സൈസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ നട്ട് ഇളക്കിയപ്പോൾ പാനൽ അനങ്ങുന്നതുകണ്ട് തള്ളിനോക്കിയപ്പോഴാണ് അകത്ത് ഒരു അറ കണ്ടത്. ഉള്ളിൽ പത്തുപേർക്കെങ്കിലും കടക്കാവുന്നതരത്തിലുള്ള അറയായിരുന്നു ഇത്.ഇതേ രണ്ടാം നിലയിൽ തന്നെ വാഷ്ബെയ്സിന്റെ താഴെ ഷെൽഫിനു പിന്നിലായിരുന്നു രണ്ടാമത്തെ അറ. ഇവ പരിശോധിച്ചപ്പോൾ ഷെൽഫ് പൂർണമായി ഇളകി പുറത്തേക്കു വന്നു. ഇതിൽ തന്നെ അകത്തേക്ക് കുനിഞ്ഞ് കയറാവുന്ന ഒരു വാതിൽ കൂടെ ഉണ്ടായിരുന്നു. ഇതുവഴി കടന്നാൽ ഒരു മുറിയുടെ പൊക്കമുള്ള വലിയൊരു അറയായിരുന്നു അത്.
ഇങ്ങനെ ഒരു മുറിയുള്ള കാര്യം പുറത്തുനിന്നു നോക്കിയാൽ അറിയാൻ കഴിയില്ല. ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാവുന്ന തരത്തിലുള്ളതാണ് അറകൾ. 13 കിലോ കഞ്ചാവും ചെറിയ അളവിൽ എംഡിഎംഎയും എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ തൂക്കാനുപയോഗിക്കുന്ന ത്രാസുകൾ, മയക്കുമരുന്നു നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകൾ എന്നിവയും ഈ വീട്ടിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം 2024-ൽ പാച്ചല്ലൂർ ബൈപ്പാസിൽവെച്ച് വാനിൽ രഹസ്യ അറയുണ്ടാക്കി 20 കിലോ കഞ്ചാവ് കടത്തിയതിന് അനീഫ് ഖാനെ എക്സൈസ് പിടികൂടിയിരുന്നു. ഇതിനു മുൻപ് കഴക്കൂട്ടത്തുനിന്നു മയക്കുമരുന്നുമായി അനീഫ് ഖാൻ പിടിയിലായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.