ന്യൂഡൽഹി: രാജ്യത്ത് ഓപ്പറേഷൻ ഷീൽഡിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ആരംഭിച്ചു. രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ, ചണ്ഡീഗഡ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടന്നത്. എട്ടുമണി മുതൽ അതിർത്തി സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഔട്ട് ഉണ്ടാകും.
ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസാണ് മോക്ഡ്രില്ലുകൾ നടത്തുന്നത്. മെയ് 29-ന് നടത്താൻ നിശ്ചയിച്ചിരുന്ന മോക്ഡ്രിൽ സാങ്കേതിക കാരണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഹരിയാനയിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ രാത്രി 8 മുതൽ 8.15 വരെ 15 മിനിറ്റ് നീണ്ടുനിൽക്കുന്ന നിയന്ത്രിത വൈദ്യുതി തടസം ഉണ്ടാകും.ആശുപത്രികൾ, ഫയർ സ്റ്റേഷനുകൾ തുടങ്ങിയ അവശ്യ അടിയന്തര സേവനങ്ങളുടെ തുടർച്ചയായ പ്രവർത്തനവും ഉറപ്പാക്കും. അതേസമയം, പാകിസ്താനുമായുളള യുദ്ധത്തിൽ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ രംഗത്തെത്തി. അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു എന്നതല്ല എന്തിന് വെടിവെച്ചിട്ടു എന്നതാണ് പ്രധാനമെന്നും ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു എന്ന പാകിസ്താൻ വാദം തെറ്റാണെന്നും അനിൽ ചൗഹാൻ പറഞ്ഞു. ഇന്ത്യയ്ക്ക് പാകിസ്താനുമായുളള സംഘർഷത്തിനിടെ ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു അനിൽ ചൗഹാന്റെ മറുപടി.
ഇന്ത്യയ്ക്ക് എത്ര യുദ്ധവിമാനങ്ങളാണ് നഷ്ടമായതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂറിൽ അവലോകന സമിതി രൂപീകരിക്കുമോ എന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്തെത്തി. ജയ്‌റാം രമേശാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കാർഗിൽ യുദ്ധത്തിനുശേഷം വാജ്‌പേയി സർക്കാർ കാർഗിൽ അവലോകന സമിതി രൂപീകരിച്ചിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ആവശ്യം. ഏപ്രിൽ 22-നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. പഹൽഗാമിലെ ബൈസരൺവാലിയിൽ പൈൻ മരങ്ങൾക്കിടയിൽ നിന്നും ഇറങ്ങിവന്ന ഭീകരർ വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ ഒരു വിദേശിയുൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു.
ഇതിന് തിരിച്ചടിയായി ഇന്ത്യൻ അതിർത്തിയിലെ ജനവാസ മേഖലകളിൽ പാകിസ്താൻ ഡ്രോൺ, ഷെൽ, മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഈ ആക്രമണങ്ങൾ വിഫലമാക്കിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ്റെ വ്യോമകേന്ദ്രങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. മെയ് പത്തിനാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.