ഭുവനേശ്വര്‍: വിവാഹ സമ്മാനമായി എത്തിയ ബോംബ് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും കൊല്ലപ്പെട്ട കേസില്‍ മുന്‍ കോളേജ് പ്രിന്‍സിപ്പാളിന് ജീവപര്യന്തം തടവ് ശിക്ഷ.
ഒഡീഷയിലെ ബൊളാങ്കീര്‍ ജില്ലയിലെ പട്നഗഡിയിലെ ജ്യോതി വികാസ് ജൂനിയര്‍ കോളേജിലെ പ്രിന്‍സിപ്പാളായിരുന്ന പുഞ്ചിലാല്‍ മെഹറിനാണ് പട്നഗഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരിയില്‍ നടന്ന സ്ഫോടനത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സൗമ്യശേഖര്‍ സാഹുവും ബന്ധു ജെമാമണി സാഹുവുമാണ് കൊല്ലപ്പെട്ടത്.സൗമ്യശേഖറിന്റെ അമ്മയോടുളള പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുഞ്ചിലാല്‍ മെഹറിന് പകരം കോളേജില്‍ പ്രിന്‍സിപ്പാളായി നിയമനം ലഭിച്ചത് സൗമ്യശേഖര്‍ സാഹുവിന്റെ അമ്മയ്ക്കായിരുന്നു. സംഭവം ഹീനമായ കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
പ്രതിക്ക് അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. എന്നാല്‍ കേസിനെ വധശിക്ഷ ലഭിക്കാവുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം കേസായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 2018 ഫെബ്രുവരി 23-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സൗമ്യശേഖര്‍ സാഹുവിന്റെയും റീമയുടെയും വിവാഹം കഴിഞ്ഞ് അടുത്ത ദിവസം അവരുടെ വീട്ടിലേക്ക് ഒരു പാര്‍സല്‍ ലഭിച്ചു.വിവാഹസമ്മാനമാണെന്ന് കരുതി സാഹു പാര്‍സല്‍ തുറന്നതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ സൗമ്യശേഖറും ബന്ധുവും കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ സൗമ്യശേഖറിന്റെ ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു യൂട്യൂബില്‍ വീഡിയോ കണ്ടാണ് പുഞ്ചിലാല്‍ ബോംബ് നിര്‍മ്മിച്ചത്. ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
2017-ല്‍ ദീപാവലി സമയത്ത് വാങ്ങിയ പടക്കങ്ങള്‍ ശേഖരിച്ച് ഇവ ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. ബോംബ് പാര്‍സല്‍ അയക്കാനായി ട്രെയിനിലാണ് ഇയാള്‍ റായ്പൂരിലേക്ക് പോയത്. കോളേജിലെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ടിക്കറ്റ് പോലുമെടുക്കാതെ റായ്പൂരിലേക്ക് പുറപ്പെട്ടു. മധുരപലഹാരം എന്ന വ്യാജേനയാണ് പാര്‍സല്‍ അയച്ചത്.എസ് കെ ശര്‍മ്മ എന്നായിരുന്നു കൊറിയറില്‍ പേര് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നാതിരിക്കാന്‍ സാഹുവിന്റെ വിവാഹത്തിലും സംസ്കാരച്ചടങ്ങിലും ഇയാള്‍ പങ്കെടുത്തിരുന്നു.എന്നാല്‍, കൊറിയറിലെ എസ് കെ ശര്‍മ്മ എന്ന പേര് വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. കൊറിയര്‍ അയച്ചയാളുടെ പേര് എസ് കെ സിന്‍ഹ എന്നാണെന്ന് കാണിച്ച് ഒരു ഊമക്കത്ത് പൊലീസിന് ലഭിച്ചിരുന്നു.
വരന്റെ വഞ്ചനയും സാമ്പത്തിക തര്‍ക്കങ്ങളുമാണ് കൊലപാതകത്തിനു കാരണമെന്നും കത്തിലുണ്ടായിരുന്നു. എന്നാല്‍ കയ്യക്ഷരം പുഞ്ചിലാലിന്റേതാണ് എന്ന് സൗമ്യശേഖറിന്റെ അമ്മ കണ്ടെത്തി. ഇതോടെയാണ് പ്രതിയിലേക്ക് അന്വേഷണസംഘം എത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് കൊറിയര്‍ ഏജന്‍സിയുടെ രസീതും പൊലീസ് കണ്ടെത്തിയിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.