ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ജമ്മു കശ്മീരിലെ അഖ്നൂരിലെ അതിർത്തി മേഖലയിൽ ആക്രമണം നടത്തിയ പാക്കിസ്ഥാൻ സൈന്യത്തെ തുരത്തിയോടിച്ചത് ബിഎസ്എഫിന്റെ വനിതാ സൈനികർ. അഖ്നൂർ സെക്ടറിലെ രണ്ട് പോസ്റ്റുകളിൽ മൂന്നു ദിവസം പോരാട്ടം നയിച്ചത് അസിസ്റ്റന്റ് കമാൻഡന്റ് നേഹ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതാദ്യമായാണ് വനിതാ സൈനികർ അതിർത്തിയിലെ സംഘർഷത്തിൽ നേരിട്ട് ഭാഗമാകുന്നത്.
അതിർത്തിയിൽ കാവൽജോലിയിലുണ്ടായിരുന്ന നേഹയുടെ നേതൃത്വത്തിലുള്ള ഏഴംഗ വനിതാ സൈനികർ സംഘർഷം വ്യാപിച്ചതോടെ പാക്ക് ആക്രമണത്തെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. ബിഎസ്എഫിന്റെ കനത്ത ആക്രമണത്തിൽ പാക്ക് സൈന്യം പിൻവലിഞ്ഞിരുന്നു. നേഹയെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി ആദരിച്ചു.അഖ്നൂർ മേഖല രാജ്യാന്തര അതിർത്തിയോട് ചേർന്ന തന്ത്രപ്രധാന പ്രദേശമാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാന്റെ മൂന്ന് പോസ്റ്റുകളാണ് നേഹ ഭണ്ഡാരിയുടെ നേതൃത്വത്തിൽ ബിഎസ്എഫ് ഇവിടെ തകർത്തത്. ‘‘രാജ്യാന്തര അതിർത്തിയിലെ സൈനിക പോസ്റ്റിൽ സേവനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പാക്കിസ്ഥാന്റെ പോസ്റ്റിൽനിന്ന് 150 മീറ്റർ മാത്രം അകലെയായിരുന്നു ഇന്ത്യൻ പോസ്റ്റ്. കൈവശമുള്ള എല്ലാ ആയുധങ്ങളും ഉപയോഗിച്ച് ഞങ്ങൾ അവരെ ആക്രമിച്ചു. പോസ്റ്റുകളിൽനിന്ന് ഓടിപ്പോകാൻ പാക്കിസ്ഥാൻ സൈനികർ നിർബന്ധിതരായി’’– നേഹ പിടിഐയോട് പറഞ്ഞു.ഉത്തരാഖണ്ഡ് സ്വദേശിയായ നേഹയുടെ മുത്തച്ഛൻ സൈനികനായിരുന്നു. മാതാപിതാക്കൾ സിആർപിഎഫിലായിരുന്നു. നേഹ മൂന്നു വർഷമായി ബിഎസ്എഫിന്റെ ഭാഗമായിട്ട്. സംഘത്തിലെ മഞ്ജിത് കൗർ, മൽകിത് കൗർ എന്നിവർ സേനയിലെത്തിയിട്ട് 17 വർഷമായി. ബംഗാൾ സ്വദേശി സ്വപ്നരഥ്, ഷാമ്പ ബസക്ക്, ജാർഖണ്ഡ് സ്വദേശി സുമി, ഒഡീഷയിൽനിന്നുള്ള ജ്യോതി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഉപയോഗിക്കേണ്ട ആയുധങ്ങളെ സംബന്ധിച്ചും ആക്രമണത്തെ സംബന്ധിച്ചും വനിതാ കമാൻഡർ സ്വതന്ത്രമായ തീരുമാനമാണ് എടുത്തതെന്ന് ബിഎസ്എഫ് ഡിഐജി വരീന്ദർ ദത്ത മാധ്യമങ്ങളോട് പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിനു മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന പേരിൽ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലും വ്യോമകേന്ദ്രങ്ങളിലും ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.അതിർത്തി മേഖലയിൽ ആക്രമണം നടത്തിയ പാക്കിസ്ഥാൻ സൈന്യത്തെ തുരത്തിയോടിച്ചത് ബിഎസ്എഫിന്റെ വനിതാ സൈനികർ,നേഹയെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി ആദരിച്ചു
0
ശനിയാഴ്ച, മേയ് 31, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.