യുകെ: കെയറർ വീസകൾ ഉൾപ്പെടെയുള്ള ‘താഴ്ന്ന വൈദഗ്ധ്യമുള്ള വീസ’കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമ പരിഷ്കാരങ്ങളുമായി ബ്രിട്ടിഷ് സർക്കാർ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.
വിദേശത്തുനിന്നുള്ള കെയർ വർക്കേഴ്സിന്റെ നിയമനം പൂർണമായും തടയുന്നതിനുള്ള നിർദേശങ്ങൾ ബില്ലിൽ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി യുവെറ്റ് കൂപ്പർ വ്യക്തമാക്കി. ഓരോ വർഷവും 50,000 കെയറർമാർ ഉൾപ്പെടെയുള്ള താഴ്ന്ന വൈദഗ്ധ്യമുള്ള വീസകൾ കുറയ്ക്കുന്ന തരത്തിലുള്ള നിർദേശങ്ങളാണ് ബില്ലിൽ ഉള്ളതെന്നാണ് സൂചന.കെയർ മേഖലയിൽ ഇപ്പോഴും ധാരാളം തൊഴിൽ സാധ്യതകളുണ്ടെങ്കിലും ഇത് പരിഹരിക്കാൻ ഹോം ഉടമകൾ ബ്രിട്ടിഷ് പൗരന്മാരെ ആശ്രയിക്കുകയോ അല്ലെങ്കിൽ നിലവിൽ ബ്രിട്ടനിലുള്ള വിദേശ വീസക്കാർക്ക് എക്സ്റ്റൻഷൻ നടപടികൾ പരിഗണിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് യുവെറ്റ് കൂപ്പർ പറയുന്നു.
സർക്കാരിന്റെ പ്രധാന ലക്ഷ്യം വർഷം തോറുമുള്ള കുടിയേറ്റനിരക്ക് ഗണ്യമായി കുറയ്ക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി വിദഗ്ധ വീസകൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഉയർത്തുന്നതും ശമ്പള പരിധി വർധിപ്പിക്കുന്നതും പുതിയ നിയമത്തിൽ ഉൾപ്പെടും. കുറഞ്ഞ തൊഴിൽ ലഭ്യതയുള്ള ലിസ്റ്റിലുള്ള ജോലികൾ ചുരുക്കം ചില മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുമെന്നും ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നൽകി.
രാജ്യാന്തര വിദ്യാർഥികളുടെയും ബിരുദധാരികളുടെയും കാര്യത്തിലും നിലവിലുള്ള നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരും.2023 ഓഗസ്റ്റിൽ 18,300 കെയർ വീസ അപേക്ഷകളാണ് ആഭ്യന്തര ഓഫിസിന് ലഭിച്ചത്.എന്നാൽ കെയറർമാർക്ക് കുടുംബത്തെ ഒപ്പം കൂട്ടാൻ കഴിയില്ലെന്ന നിയമം വന്നതോടെ ഈ വർഷം ഏപ്രിൽ മാസത്തിൽ ഇത് 1,700 ആയി കുറഞ്ഞു. നിയമങ്ങളിലെ ഈ മാറ്റത്തിലൂടെ മാത്രമേ കുടിയേറ്റം നിയന്ത്രിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് കൂടുതൽ ശക്തമായ നിയമനിർമാണത്തിലേക്ക് സർക്കാരിനെ നയിക്കുന്നത്.
കുടിയേറ്റ വിരുദ്ധ വികാരം ഉയർത്തി രാഷ്ട്രീയ മുന്നേറ്റം നേടുന്ന റിഫോം യുകെ പാർട്ടിയുടെ വളർച്ച, ഈ രംഗത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിന് മേൽ ഒരു പരോക്ഷ സമ്മർദ്ദമായി നിലനിൽക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.