ബെംഗളൂരു :പ്രശസ്ത മത്സ്യശാസ്ത്രജ്ഞനും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് (ഐസിഎആർ) മുൻ ഡയറക്ടർ ജനറലുമായ ഡോ.സുബ്ബണ്ണ അയ്യപ്പനെ (69) ശ്രീരംഗപട്ടണയിൽ കാവേരി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച മുതൽ കാണാതായിരുന്നു.
ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. അതിനിടെ, നീല വിപ്ലവം (മത്സ്യക്കൃഷി വ്യാപനം) നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച സുബ്ബണ്ണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഐസിഎആർ മുൻ ഭരണസമിതി അംഗം വേണുഗോപാൽ ബദരവാഡ ആരോപിച്ചു. കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തെഴുതി.ഡയറക്ടർ ജനറൽ പദവിയിൽ നിന്നു വിരമിച്ച ശേഷം ഐസിഎആർ ഭരണ സമിതിയിൽ തുടർന്ന സുബ്ബണ്ണ, അഴിമതികൾ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന്, കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹത്തെ ഏകപക്ഷീയമായി സമിതിയിൽ നിന്ന് പുറത്താക്കിയെന്ന് വേണുഗോപാൽ ആരോപിച്ചു. അഴിമതിക്കെതിര ശബ്ദിക്കുന്നവരെ ഇല്ലാതാക്കുന്ന നടപടിയാണ് ഐസിഎആറിലും അഗ്രിക്കൾചറൽ സയന്റിസ്റ്റ്സ് റിക്രൂട്മെന്റ് ബോർഡിലും നടക്കുന്നതെന്നും കത്തിലുണ്ട്.
ധാന്യവിള മേഖലയിൽ നിന്നല്ലാതെ ഐസിഎആർ തലപ്പത്തെത്തിയ ആദ്യ ശാസ്ത്രജ്ഞനാണ് സുബ്ബണ്ണ. മത്സ്യഗവേഷണ രംഗത്തു നിർണായക സംഭാവനകൾ നൽകി. മത്സ്യ, സമുദ്രവിഭവ ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണം രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ മുൻപന്തിയിൽ അദ്ദേഹമുണ്ടായിരുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫ്രഷ് വാട്ടർ അക്വാകൾചർ ഡയറക്ടർ, നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ടെക്നോളജീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യയും 2 പെൺമക്കളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.