ന്യൂഡൽഹി: ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലെ 15 സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങള്‍ സമ്പൂർണ പരാജയം. അവന്തിപ്പോര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്‌സർ, കപുർത്തല, ജലന്ധർ, ലുധിയാന, ആദംപുർ,
ഭട്ടിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, അട്ടർലെ, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ഇന്ത്യയുടെ കൗണ്ടർ അൺമാൻഡ് ഏരിയൽ (യുഎഎസ്) ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് തകർത്തുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.എസ്–400 വ്യോമ പ്രതിരോധ സംവിധാനമാണ് പാക്ക് മിസൈലുകൾ തകർക്കുന്നതിൽ നിർണായക പങ്കുവഹിച്ചതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തതാണ് ‘സുദർശൻ ചക്ര’ എന്നറിയപ്പെടുന്ന എസ്–400 വ്യോമ പ്രതിരോധ സംവിധാനം.
യുഎസിന്റെ ഉപരോധ ഭീഷണി മറികടന്നാണ് 2018ൽ റഷ്യയിൽ നിന്ന് അഞ്ച് എസ്–400 യൂണിറ്റുകൾ വാങ്ങാൻ ഇന്ത്യ കരാറിൽ ഒപ്പുവച്ചത്. 600 കിലോമീറ്റർ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും തിരിച്ചറിയാനും 400 കിലോമീറ്റർ വരെ അകലെ വച്ച് അവയെ തകർക്കാനും ശേഷിയുള്ള എസ്–400 വ്യോമ പ്രതിരോധ സംവിധാനം നിലവിൽ ജമ്മു കശ്മീരിലെ പഠാൻകോട്ടിലും രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലുമാണ് വിന്യസിച്ചിട്ടുള്ളത്.ഒരേസമയം വ്യത്യസ്ത ലക്ഷ്യങ്ങൾ ഭേദിക്കാനുള്ള ശേഷിയുണ്ടെന്നത് എസ്–400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന സവിശേഷതയാണ്. പാക്ക് പ്രകോപനത്തിനു തിരിച്ചടിയായി ഇന്ത്യ, പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ യൂണിറ്റുകളെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രയേൽ നിർമിത ഹാരോപ് കമികസെ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ആക്രമണത്തിൽ ലഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിലെ പാക്കിസ്ഥാന്റെ എച്ച്ക്യു–9 മിസൈൽ പ്രതിരോധ സംവിധാനത്തിന് കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ചൈനയിൽ നിർമിച്ചതാണ് എച്ച്ക്യു–9 മിസൈൽ പ്രതിരോധ സംവിധാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.