കൊല്ലം : സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് 20 വരെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായിരുന്നു. സർക്കാർ കഴിഞ്ഞ ഒൻപതുവർഷം ജില്ലയിൽ നടപ്പാക്കിയ വികസന, ജനക്ഷേമ, സേവന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മേളയിൽ വിസ്മയ, കൗതുകക്കാഴ്ചകൾക്കൊപ്പം എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. 55000 ചതുരശ്ര അടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 79000 ചതുരശ്ര അടിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും സൗജന്യസേവനങ്ങളും 156 തീം സ്റ്റാളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഉത്പന്ന പ്രദർശനവും ന്യായവിലയ്ക്കുള്ള വിൽപ്പനയും ഉണ്ടാകും.കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന വിവരപൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക കലാപരിപാടികൾ, ഭക്ഷ്യമേള, പുസ്തകമേള, കായികവിനോദവിജ്ഞാന പരിപാടികൾ, കാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ്പ് മിഷൻ പ്രദർശനം, ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, സ്‌പോർട്സ് പ്രദർശനം, പോലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ, ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കായികവിനോദ മേഖല, തത്സമയ മത്സരങ്ങൾ, ക്വിസ്, ഇതര ആക്ടിവിറ്റി കോർണറുകൾ, സെൽഫി പോയിന്റുകൾ എന്നിവ മേളയെ ആകർഷകമാക്കുന്നു.കലാപരിപാടികൾ എല്ലാ ദിവസവും വൈകീട്ട് ഏഴുമുതൽ മുഖ്യവേദിയിൽ കലാപരിപാടികൾ ആസ്വദിക്കാം. ബുധനാഴ്ച കുടുംബശ്രീ അവതരിപ്പിച്ച പ്രാദേശിക കലാകാരന്മാരുടെ പരിപാടി 'കട്ട ലോക്കൽ', വൈകീട്ട് എട്ടിന് ഭാരത് ഭവൻ അവതരിപ്പിച്ച 'നവോത്ഥാനം നവകേരളം' മൾട്ടിമീഡിയ ദൃശ്യാവിഷ്‌കാരം എന്നിവ ഉണ്ടായിരുന്നു. ഇന്ന് കനൽ കലാസംഘം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ 'നാടൻ വൈബ്സ്'. 16-ന് ഗായകനും സംഗീത സംവിധായകനുമായ അൽഫോൻസ് ജോസഫ് ഒരുക്കുന്ന 'ഫില്മി ബീറ്റ്സ്' സംഗീതപരിപാടി. 17-ന് ഭദ്ര റെജിൻ, സുദീപ് പലനാട് എന്നിവർ അവതരിപ്പിക്കുന്ന 'സ്റ്റോറിടെല്ലർ' മ്യൂസിക് ഷോ. 18-ന് മർസി ബാൻഡിന്റെ 'യുവ' സംഗീതരാവ്. 19-ന് മെഗാ ഷോ 'ഹാപ്പി ഈവനിങ്'. സമാപനദിനമായ 20-ന് രമേശ് നാരായൺ, മധുശ്രീ നാരായൺ എന്നിവർ അവതരിപ്പിക്കുന്ന സംഗീതവിരുന്ന് എന്നീ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.