ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ട് ജസ്റ്റിസ് എ.എസ്. ഓക. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിനത്തില്‍ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് സമ്മേളനത്തിലാണ് മാറ്റമുണ്ടാകേണ്ടതിന്റെ ആവശ്യകത ജസ്റ്റിസ് ഓക ചൂണ്ടിക്കാട്ടിയത്.
സുപ്രീം കോടതിയുടെ പ്രവര്‍ത്തനമെന്നത് ചീഫ് ജസ്റ്റിസിനെ കേന്ദ്രീകരിച്ചാണ്. അതേസമയം രാജ്യത്തെ ഹൈക്കോടതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനാധിപത്യപരമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ ഈ പ്രവര്‍ത്തന രീതിയില്‍ മാറ്റമുണ്ടാകണമെന്നും പുതിയ ചീഫ് ജസ്റ്റിസിന്റെ സമയത്ത് തന്നെ അതില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയുടെ കാലത്ത് സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരെയും വിശ്വാസത്തിലെടുത്തതിന് ശേഷമാണ് അദ്ദേഹം തീരുമാനങ്ങളെടുക്കാറുള്ളത്. ജനാധിപത്യ മൂല്യങ്ങള്‍ രക്തത്തിലലിഞ്ഞുചേര്‍ന്ന ആളാണ് നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതികളും സുപ്രീംകോടതിയും വിചാരണക്കോടതികളെ അവഗണിക്കുകയാണ്. രാജ്യത്തെ വിചാരണക്കോടതികളിലും ജില്ലാ കോടതികളിലും ഒരുപാട് കേസുകള്‍ കെട്ടിക്കിടക്കുകയാണ്. വിചാരണക്കോടതികളെ കീഴ്ക്കോടതികളെന്ന് ഒരിക്കലും വിളിക്കരുത് അത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. 20 വര്‍ഷത്തിനുശേഷം ഒരുകേസില്‍ ഒരാളെ ശിക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ജസ്റ്റിസ് ഓക പറഞ്ഞു. വിചാരണക്കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യം വ്യക്തമാക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.
ന്യായാധിപനാകാനുള്ള തീരുമാനത്തില്‍ ഒരിക്കലും പശ്ചാത്താപം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന ഒരു അഭിഭാഷകന് ന്യായാധിപനാകുമ്പോള്‍ പലരും പറയും, അദ്ദേഹം തനിക്ക് ലഭിക്കുമായിരുന്ന വരുമാനം വേണ്ടെന്ന് വെച്ചെന്ന്. പക്ഷെ ഞാനതിനോട് യോജിക്കുന്നില്ല. നിങ്ങള്‍ ജുഡീഷ്യറിയുടെ ഭാഗമാകുമ്പോള്‍ ചിലപ്പോള്‍ അതുവരെ കിട്ടിക്കൊണ്ടിരുന്ന വരുമാനം കിട്ടിയെന്ന് വരില്ല. പക്ഷെ ജോലിയിലെ സംതൃപ്തി അഭിഭാഷക വൃത്തിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെക്കാളേറെയാണ്.
ഒരിക്കല്‍ ന്യായാധിപനായി കഴിഞ്ഞാല്‍ ഭരണഘടനയും മനസ്സാക്ഷിയുമാണ് നിങ്ങളെ മുന്നോട്ടുനയിക്കുക. തന്റെ ന്യായാധിപനെന്ന നിലയിലുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തില്‍ ഒരിക്കല്‍ പോലും വിയോജനവിധി നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.