തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിന് സ്വർണം പൂശാൻ പുറത്തെടുത്ത സ്വർണം കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ 5 ക്ഷേത്ര ജീവനക്കാരെയും സ്വർണപ്പണിക്കാരായ 3 പേരെയും ചോദ്യം ചെയ്തു. കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന. ശ്രീകോവിൽ സ്വർണം പതിപ്പിക്കുന്നതിനുള്ള സ്വർണ കമ്പികളും തകിടുകളും തുണി സഞ്ചിയിലാക്കിയാണ് സ്ട്രോങ് റൂമിൽനിന്ന് നിർമാണം നടത്തുന്ന സ്ഥലത്ത് എത്തിച്ചത്. സാധാരണ പേനയുടെ വലുപ്പമുള്ള സ്വർണ കമ്പി തുണി സഞ്ചിയിൽനിന്ന് താഴെ വീഴാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
എന്നാൽ തുണി സഞ്ചിയുടെ പരിശോധനയിൽ കമ്പി താഴെ വീഴാൻ തക്ക ദ്വാരം കണ്ടെത്തിയില്ലെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. സ്ട്രോങ് റൂമിന് അകത്ത് സിസിടിവി സ്ഥാപിച്ചിട്ടില്ല. പുറത്തെ ദൃശ്യങ്ങൾ കാണാവുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കേടായ നിലയിലാണ്. അതേസമയം, മറ്റൊരു ക്യാമറാ ദൃശ്യത്തിൽനിന്ന് സഞ്ചിയുമായി പൊലീസും ജീവനക്കാരും നടന്നു പോകുന്നത് വ്യക്തമായിട്ടുണ്ടെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.ബുധനാഴ്ച വൈകിട്ട് സട്രോങ് റൂമിൽ സൂക്ഷിച്ച സ്വർണം ശനിയാഴ്ച പുറത്തെടുത്ത് നടത്തിയ കണക്കെടുപ്പിലാണ് 107 ഗ്രാം (പതിമൂന്നേ കാൽ പവൻ) കുറവുണ്ടെന്ന് കണ്ടെത്തിയത്. ഇനം തിരിച്ചുള്ള കണക്കെടുപ്പിൽ കമ്പിയാണ് നഷ്ടപ്പെട്ടതെന്ന് ബോധ്യപ്പെട്ടു. അടുത്ത ദിവസം നടത്തിയ പരിശോധനയിൽ മണലിൽ പുതഞ്ഞ നിലയിൽ നഷ്ടപ്പെട്ട കമ്പി കണ്ടെത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമിയുടെ വിഗ്രഹപ്രതിഷ്ഠ നടത്തിയിട്ടുള്ള ശ്രീ കോവിലിന്റെ പ്രധാന വാതിൽ സ്വർണം പൂശുന്ന പ്രവൃത്തികൾ ഏതാനും മാസങ്ങളായി തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.