അമൃത്സർ: പഞ്ചാബിലെ സംഗ്രൂരിൽ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 21 ആയി. ഇന്നലെ ആറ് പേർ കൂടി മരിച്ചു. 17 പേർ ചികിത്സയിലാണ്. സംഭവത്തിൽ എട്ടു പേരെ അറസ്റ്റുചെയ്തു. വിഷയത്തിൽ പഞ്ചാബ് ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തര റിപ്പോർട്ടു തേടി. അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ദിർബ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിക്കും രൂപം നൽകി.
വ്യാജമദ്യത്തിൽ മെഥനോൾ അടങ്ങിയിട്ടുണ്ടെന്ന് എ.ഡി.ജി.പി അറിയിച്ചു. അതിനിടെ ആം ആദ്മി സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിവരികയാണ്.പഞ്ചാബിലെയും മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സ്വന്തം ജില്ലയായ സംഗ്രൂരിലെയും അവസ്ഥ ഇതാണെന്ന് ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു. എക്സൈസ് മന്ത്രി ഹർപാൽ സിംഗ് ചീമ രാജി വയ്ക്കണമെന്ന് ശിരോമണി അകാലിദളും ബി.ജെ.പിയും ആവശ്യപ്പെട്ടു.
ദിർബ, സുനം ബ്ലോക്കുകളിലെ ഗുജ്റാൻ, ടിബ്ബി രവിദാസ്പുര, ദണ്ഡോലി ഖുർദ് ഗ്രാമങ്ങളിൽ നിന്നാണ് ആളപായം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വ്യാഴാഴ്ചയാണ് മദ്യദുരന്തത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് അന്വേഷണത്തിനായി എ.ഡി.ജി.പി. ഗുരീന്ദർ സിങ് ധില്ലന്റെ നേതൃത്വത്തിൽ നാലംഗ പ്രത്യേക അന്വേഷണസംഘവും രൂപവത്കരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മദ്യംനൽകി വോട്ടർമാരെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് വ്യാഴാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ എഥനോളും വ്യാജമദ്യവും 4500ലധികം ഒഴിഞ്ഞകുപ്പികളും കണ്ടെത്തിയിരുന്നു. 200 ലീറ്റർ എഥനോൾ, 156 കുപ്പി മദ്യം, ലേബൽ പതിച്ച 130 കുപ്പി വ്യാജമദ്യം , ലേബൽ പതിക്കാത്ത 80 കുപ്പി വ്യാജമദ്യം, 4,500 ഒഴിഞ്ഞ കുപ്പികൾ, ബോട്ടിലിംഗ് മെഷീൻ തുടങ്ങിയവയാണ് കണ്ടെത്തിയത്. ആർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നറിയാൻ സർവേ നടത്തി. അതേസമയം, ആം ആദ്മി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. 11 പേർ പാട്യാല രജീന്ദ്ര ആശുപത്രിയിലും ആറ് പേർ സംഗ്രൂരിലെ സിവിൽ ആശുപത്രിയിലും ചികിത്സയിലാണ്.കുടുംബങ്ങളെ സന്ദർശിച്ച് മാൻ
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഇന്നലെ സംഗ്രൂർ ജില്ലയിലെ ഗുജ്‌റാൻ ഗ്രാമത്തിലെ കുടുംബാംഗങ്ങളെ കണ്ട അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞു. 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വ്യാജമദ്യം വിൽക്കുന്നവരെ പിടികൂടുമെന്നും മാൻ ഉറപ്പ് നൽകി.
മദ്യ അഴിമതി
സർക്കാരിന്റെ മദ്യ അഴിമതിയുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് ആരോപിച്ചു. മദ്യനയത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിനെതിരെ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകി.മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പഞ്ചാബിലെ മദ്യനയവും ചർച്ചയാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.