ന്യൂഡൽഹി : കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രേഖപ്പെടുത്തിയതിൽ ഇന്ത്യ കൃത്രിമം കാണിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ ഉൾപ്പെടെ ആരോപണം നിലനിൽക്കെ, 2020 നെ അപേക്ഷിച്ച് 2021 ൽ രാജ്യത്ത് 21 ലക്ഷം അധിക മരണങ്ങളുണ്ടായെന്ന സിവിൽ റജിസ്‌ട്രേഷൻ സിസ്റ്റത്തിന്റെ (സിആർഎസ്) റിപ്പോർട്ട് ചർച്ചയാകുന്നു. രാജ്യത്തെ ജനന, മരണനിരക്ക് സംബന്ധിച്ച എല്ലാ കണക്കുകളും രേഖപ്പെടുത്തുന്ന ഔദ്യോഗിക സംവിധാനമാണ് സിആർഎസ്.
സിആർഎസ് പ്രകാരം 2020 ൽ രാജ്യത്ത് 81.15 ലക്ഷം മരണങ്ങളുണ്ടായി. കോവിഡ് രൂക്ഷമായ 2021ലാകട്ടെ 1.02 കോടിയിലധികം മരണങ്ങൾ റജിസ്റ്റർ ചെയ്തു. 2020 നെ അപേക്ഷിച്ച് 21 ലക്ഷം അധികം മരണം. 2021 ൽ കോവിഡ് ബാധിച്ച് 3,32,468 പേർ രാജ്യത്ത് മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്ന ഔദ്യോഗിക കണക്ക്. ബാക്കിയുള്ള 17 ലക്ഷത്തിലധികം മരണങ്ങൾ സംബന്ധിച്ചാണ് സംശയം ഉയരുന്നത്. കോവിഡ് ബാധിച്ച് അല്ലെങ്കിൽ പോലും മുൻ വർഷത്തെ അപേക്ഷിച്ചു മരണങ്ങളിലെ ഈ അന്തരം എങ്ങനെയുണ്ടായെന്നതാണ് വിവാദങ്ങൾക്കു വഴിവച്ചിരിക്കുന്നത്. മരണങ്ങളിലെ വ്യത്യാസത്തിൽ ഏറ്റവും മുന്നിൽ ഗുജറാത്താണ്. 5,809 കോവിഡ് മരണങ്ങൾ 2021 ൽ ഉണ്ടായെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്. എന്നാൽ, മുൻവർഷത്തെക്കാൾ 1,95,406 അധിക മരണങ്ങൾ ഈ വർഷം സംസ്ഥാനത്തുണ്ടായെന്നാണ് സിആർഎസ് റിപ്പോർട്ട്. 6,927 കോവിഡ് മരണമുണ്ടായെന്ന് അവകാശപ്പെട്ട മധ്യപ്രദേശിൽ 1,26,774 മരണങ്ങളാണ് സിആർഎസിന്റെ കണക്കിൽ. ബംഗാളിൽ 10,052 എന്നതു സംസ്ഥാന കണക്ക്. സിആർഎസ് കണക്കിലത് 1,52,094. ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും അധിക മരണങ്ങൾ ഔദ്യോഗിക കോവിഡ് മരണസംഖ്യയെക്കാൾ 10 മടങ്ങ് കൂടുതലാണ്.
കേരളത്തിന്റെ കണക്കുകളിലാണ് അന്തരം ഏറ്റവും കുറവ്. സംസ്ഥാനത്ത് 44,721 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സിആർഎസിന്റെ റിപ്പോർട്ട് പ്രകാരം ഇത് 66,655 ആണ്. ഔദ്യോഗിക കണക്കുപ്രകാരമുള്ള മരണനിരക്കിൽ ഏറക്കുറെ സുതാര്യത പുലർത്തിയ സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.