ന്യൂഡൽഹി : വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കു രാജ്യത്തെവിടെയും പണമടയ്ക്കാതെ, 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. മേയ് 5 മുതൽ പദ്ധതി നിലവിൽ വന്നുവെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. മാർഗ നിർദേശങ്ങൾ പിന്നീടു പുറത്തിറക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്ത ആശുപത്രികളിലാണ് പദ്ധതിയുടെ പൂർണ സേവനം ലഭിക്കുക. അപകടം സംഭവിച്ച ദിവസം മുതൽ 7 ദിവസത്തേക്കോ അല്ലെങ്കിൽ പരമാവധി ഒന്നര ലക്ഷം രൂപ വരെയോ ഉള്ള ചികിത്സയ്ക്കാണ് സൗജന്യം. മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവർക്ക് അപകടനില തരണം ചെയ്യുന്നതു വരെയുള്ള ചികിത്സയുടെ ചെലവ് സൗജന്യമായി ലഭിക്കും. ആശുപത്രികൾക്ക് ഈ തുക ക്ലെയിം ചെയ്യാൻ പ്രത്യേക പോർട്ടലും സജ്ജീ കരിക്കും. 2024 ഓഗസ്റ്റിൽ പ്രഖ്യാപിച്ചിട്ടും പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുന്നതിനെതിരെ സുപ്രീം കോടതി വിമർശനമുന്നയിച്ചതോടെയാണ് ഗസറ്റ് വിജ്ഞാപനമിറക്കിയത്.
പദ്ധതി നടത്തിപ്പിന്റെ ചുമതല ദേശീയ ആരോഗ്യ അതോറിറ്റിക്കാണെങ്കിലും സംസ്ഥാന റോഡ് സേഫ്റ്റി കൗൺസിലുകളാണ് നോഡൽ ഏജൻസികൾ. ആശുപത്രികളുടെ ക്ലെയിമുകളിൽ തീരുമാനം എടുക്കുന്നതും ഇവരാകും. ക്ലെയിമുകൾ 10 ദിവസത്തിനുള്ളിൽ തീർപ്പാക്കി ആശുപത്രികൾക്കു പണം കൈമാറും. മോട്ടർ വാഹന അപകട ഫണ്ടിൽ നിന്നാണ് ഇതിനുള്ള പണം. ഓരോ ചികിത്സയ്ക്കുമുള്ള പരമാവധി ചെലവ് എത്രയാണെന്നും ഓരോ ഘട്ടത്തിലും ആവശ്യമായി വരുന്ന ചികിത്സകളേതാണെന്നും ദേശീയ ആരോഗ്യ അതോറിറ്റി നിശ്ചയിച്ച് ആശുപത്രികൾക്ക് കൈമാറും. ഈ പട്ടിക പ്രകാരമാകും ക്ലെയിമുകൾ അനുവദിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.