വാഷിങ്ടൻ : സംഘർഷത്തിന് അയവുവരുത്തി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എത്തിച്ചേർന്ന വെടിനിർത്തൽ കരാറിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചാൽ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞ ട്രംപ്, കശ്മീർ പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളുമായി സംസാരിക്കുമെന്നും അറിയിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമായും കൂടുതൽ വ്യാപാരത്തിൽ ഏർപ്പെടാൻ താൻ തീരുമാനിച്ചതായും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
‘‘ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് ഇന്ത്യയെയും പാക്കിസ്ഥാനെയും എത്തിക്കാൻ സാധിച്ചതിൽ യുഎസിന് അഭിമാനമുണ്ട്. ചർച്ച ചെയ്തിട്ടില്ലെങ്കിലും, ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായുള്ള വ്യാപാരം ഞാൻ ഗണ്യമായി വർധിപ്പിക്കാൻ പോകുകയാണ്. കശ്മീരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടാക്കാനും ഞാൻ ശ്രമിക്കാം. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ’’ – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.യുഎസ് മധ്യസ്ഥതയിലുള്ള ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിൽ കുറിച്ചിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങൾ വെടിനിർത്തൽ സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ ഇന്ത്യ യുഎസിന്റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ ശ്രമം പരാമർശിക്കാതെയാണ് വെടിനിർത്തൽ കരാർ സ്ഥിരീകരിച്ചത്. പാക്ക് മിലിട്ടറി ഓപ്പറേഷൻ ഡിജിയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ എക്സ് പോസ്റ്റിലും യുഎസ് മധ്യസ്ഥ ശ്രമത്തെ പറ്റി പരാമർശിച്ചിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.