തിരുവനന്തപുരം : തദ്ദേശ വകുപ്പിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർ ഉൾപ്പെടെ 52 ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് ഒരു വർഷം കഴിഞ്ഞിട്ടും ശമ്പളം നൽകാതെ സർക്കാർ. വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് തദ്ദേശ പൊതുവകുപ്പായപ്പോൾ, മുൻപ് പഞ്ചായത്ത് വകുപ്പിൽ സെക്രട്ടറിമാരായിരുന്ന ഇവരെ നഗരസഭയിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മാറ്റി നിയമിച്ചു.
പഞ്ചായത്ത് വകുപ്പിലായിരുന്നപ്പോൾ സ്ഥിരം ജീവനക്കാർക്കുള്ള പെർമനന്റ് എംപ്ലോയീസ് നമ്പർ (പെൻ) പ്രകാരം പഞ്ചായത്തുകളുടെ തനതു ഫണ്ടിൽനിന്നു ശമ്പളം നൽകിയിരുന്നു. എന്നാൽ, ബ്ലോക്കിലേക്കും നഗരസഭയിലേക്കും മാറ്റിയതോടെ അക്കൗണ്ടന്റ് ജനറൽ മുഖേന ഇലക്ട്രോണിക് സ്ലിപ് ആയാണ് ശമ്പളം വിതരണം ചെയ്യേണ്ടത്. ഇത് അനുവദിക്കാനാകില്ലെന്നും ‘പെൻ’ റദ്ദാക്കണമെന്നും ശമ്പള സോഫ്റ്റ്‌വെയറായ ‘സ്പാർക്കി’ൽ താൽക്കാലിക തിരിച്ചറിയൽ ഐഡി നൽകിയും മാനുവൽ സ്ലിപ് വഴിയും ശമ്പളം മാറണമെന്നും ധനവകുപ്പ് നിർദേശിച്ചു. മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരമാണ് തദ്ദേശ വകുപ്പിലെ വിഭാഗങ്ങളോ വകുപ്പുകളോ ആയ അഞ്ചെണ്ണം ഏകീകരിച്ച് തദ്ദേശ പൊതുവകുപ്പ് രൂപീകരിച്ചത്.
ഇവർക്ക് താൽക്കാലിക സ്പാർക്ക് ഐഡി നൽകിയാൽ ഇവരുടെ കീഴിലുള്ള ഉദ്യോഗസ്ഥർക്കുള്ള ശമ്പളബില്ലുകളും മറ്റു ഫയലുകളും പാസാക്കാനുള്ള ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർ എന്ന അധികാരം ഇല്ലാതാകും. ഇതിന്റെ പേരിൽ പല ബ്ലോക്ക് പഞ്ചായത്തുകളിലും ദൈനംദിന പ്രവർത്തനങ്ങളും പദ്ധതികളും തടസ്സപ്പെട്ടിരിക്കുകയാണ്.
ധനവകുപ്പ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ കഴിഞ്ഞ മാസം 9ന് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിട്ടും നടപടിയില്ല. ഇതുസംബന്ധിച്ച് ജീവനക്കാർ നൽകിയ ഹർജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. കാര്യങ്ങൾ വ്യക്തമാക്കി കേരള എൽഎസ്ജി എംപ്ലോയീസ് ഓർഗനൈസേഷൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മറ്റും നിവേദനങ്ങളും നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.