തിരുവനന്തപുരം : ഒന്നരമാസത്തിനുശേഷം പുതിയ പൊലീസ് മേധാവി വരാനിരിക്കെ അപ്രതീക്ഷിതമായി ഐപിഎസ് തലപ്പത്തുണ്ടായ മാറ്റത്തിന്റെ കാരണമെന്തെന്ന ചർച്ച മുറുകുന്നു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ആ സ്ഥാനത്തുനിന്നു മാറ്റാൻവേണ്ടി നടപ്പാക്കിയ സ്ഥലംമാറ്റമെന്നാണു പ്രചരിക്കുന്നത്. വിജിലൻസിൽ മികച്ച പ്രകടനം നടത്തുകയും സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെടുകയും ചെയ്ത യോഗേഷ് ഗുപ്തയെ മാറ്റിയതിനു പിന്നിൽ പല കാരണങ്ങളാണു കേൾക്കുന്നത്. കണ്ണൂരിലെ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ബെനാമി ഇടപാടു സംബന്ധിച്ച പരാതിയിലെ പ്രാഥമിക അന്വേഷണവും തുടർ നടപടിയുമാണ് കാരണങ്ങളിലൊന്നായി പ്രചരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയപ്പോൾ അകമ്പടി ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന വിജിലൻസ് എസ്പിയെ വിട്ടില്ലെന്നതും കാരണമായി പറയപ്പെടുന്നു. പകരം മറ്റൊരു എസ്പിയെ അയച്ചതു പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം ചീഫ് സെക്രട്ടറിയെ അറിയിച്ചതായും ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനൽ സെക്രട്ടറി തുടങ്ങിയവർ നടപടി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളയാളാണു യോഗേഷ് ഗുപ്ത. രണ്ടാഴ്ച മുൻപ് അഗ്നിരക്ഷാസേനാ മേധാവിയായി നിയമിക്കപ്പെട്ട മനോജ് ഏബ്രഹാമിനെയാണു പകരം വിജിലൻസ് ഡയറക്ടറാക്കിയത്.
ഐജി മുതൽ ഡിജിപി വരെയുള്ള ഒൻപത് ഐപിഎസ് ഉന്നതരെ മാറ്റിയ തീരുമാനം ഉത്തരവു വരുന്നതുവരെ അതീവ രഹസ്യവുമായിരുന്നു. ഒൻപതു മാസം മുൻപു മാത്രമാണു യോഗേഷ് ഗുപ്ത വിജിലൻസ് മേധാവിയായത്. വിജിലൻസ് ആസ്ഥാനത്തു കെട്ടിക്കിടന്ന ആയിരത്തിലേറെ ഫയലുകൾ ഇതിനിടെ തീർപ്പാക്കി. കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം നാൽപതിലേറെ കൈക്കൂലി ട്രാപ്പുകൾ നടത്തി. എഡിജിപി എം.ആർ.അജിത്കുമാറിന്റെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതി അന്വേഷിച്ചതും അജിത്കുമാറിനു ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട് സർക്കാരിനു നൽകിയതും യോഗേഷ് ഗുപ്തയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.