തിരുവനന്തപുരം: ‘‘മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്പോണ്‍സറാണ്. സര്‍ക്കാരിന്റെ കൈയില്‍ പണമില്ല.’ - കായികകേരളത്തെയാകെ അമ്പരപ്പിക്കുന്നതാണ് കായികമന്ത്രി വി.അബ്ദുറഹിമാന്റെ ഇന്നത്തെ പ്രതികരണം. അര്‍ജന്റീന ദേശീയ ടീമും ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ഒക്ടോബറില്‍ കേരളത്തില്‍ എത്തുമെന്നും എവിടെയൊക്കെ കളിക്കുമെന്നും നൂറുവട്ടം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ചിട്ടുള്ള കായികമന്ത്രിയാണ് മെസ്സിയെ പോലും ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ ‘ബൈസൈക്കിള്‍ കിക്കെടുത്ത്’ പന്ത് സ്പോണ്‍സറുടെ വലയിലേക്കു തട്ടിയിട്ട് തലയൂരുന്നത്.
ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ നെഞ്ചേറ്റിയ സംസ്ഥാനത്തെ കാല്‍പ്പന്ത് ആരാധകരെ മുഴുവന്‍ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍. കേരളം ചരിത്രം സൃഷ്ടിക്കുകയാണെന്നും ലോകചാംപ്യന്മാര് കേരളത്തിലേക്കെത്തുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഉറപ്പിച്ചപ്പോള്‍ നാട്ടിലെ ഫുട്ബോള്‍ ആരാധകര്‍ മുഴുവന്‍ ആവേശത്തിലായിരുന്നു. ഇതിനൊപ്പം 2025ല്‍ കേരളത്തില്‍ എത്തുന്ന മെസ്സി അടങ്ങുന്ന അര്‍ജന്റീന ടീം ഖത്തറുമായും ജപ്പാനുമായും ഏതൊക്കെ വേദിയില്‍ കളിക്കുമെന്നു വരെ വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചത് കായികമന്ത്രിയാണ്.എന്നാല്‍ ഇതേ സമയത്തു തന്നെ ചൈനയില്‍ ടീമിനുള്ള മത്സരങ്ങള്‍ സംബന്ധിച്ച് അറിയിപ്പു വന്നതോടെയാണ് മെസ്സി കേരളത്തിലേക്കില്ലെന്ന് ഉറപ്പായത്. ടീമിന്റെ വരവിനായി കെട്ടിവയ്ക്കേണ്ട 120 കോടിയില്‍ 60 കോടി പോലും നിശ്ചിതസമയത്തു നല്കാന് കഴിയാതിരുന്നതോടെയാണ് മെസ്സിയുടെ വരവ് ഒഴിവായതെന്നാണ് റിപ്പോര്‍ട്ട്. പറഞ്ഞു പറ്റിച്ചതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നിയമനടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ അര്‍ജന്റീന ടീമിന്റെ കേരളസന്ദര്‍ശനം സംബന്ധിച്ചുളള കാര്യങ്ങള്‍ കായികമന്ത്രി വി.അബ്ദുറഹ്മാന് പറയുന്നതാണ്. മെസ്സി അടക്കം ലോകകപ്പ് ജേതാക്കളായ ടീം കേരളത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് മന്ത്രി അന്നു പറഞ്ഞത്. അര്‍ജന്റീന ടീമിനെ ക്ഷണിക്കാനായി സ്പെയ്നിലേക്ക് മന്ത്രിയും സംഘവും പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2024 നവംബറിലാണ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. സാമ്പത്തികസഹകരണത്തോടെയാണ് സൗഹൃദമത്സരം സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ് അസോസിയേഷനും വ്യാപാരി സമൂഹവും ചേര്‍ന്ന് പരിപാടി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് മത്സരം നടക്കുകയെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.