മലപ്പുറം: അടിയന്തര സ്വഭാവമുള്ള ചികിത്സയ്ക്ക് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ.
പരപ്പനങ്ങാടി നെടുവയിലെ ശ്രീമന്ദിരം വീട്ടിൽ ഉണ്ണിയുടെ പരാതിയിൽ ചികിത്സാ ചെലവായ 52,817 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും മെഡിസെപ് ഇൻഷുറൻസ് പദ്ധതി പ്രകാരം നൽകണമെന്ന് കമ്മിഷൻ വിധിച്ചു.മെഡിസെപ് പദ്ധതി പ്രകാരം ചികിത്സയ്ക്കു മുമ്പേ ഇൻഷുറൻസ് കമ്പനിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും മെഡിസെപ് പദ്ധതി കാഷ്‌ലെസ് പദ്ധതിയാണെന്നും മുൻകൂർ അനുമതിയില്ലാതെ ചികിത്സ നടത്തിയതിനാൽ ആനുകൂല്യം നൽകാനാകില്ലെന്നുമറിയിച്ചതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. അപകടമോ അടിയന്തര സ്വഭാവമോ ഉള്ള ചികിത്സകൾക്കു മാത്രമേ മെഡിസെപ് പദ്ധതി പ്രകാരം ആനുകൂല്യം നൽകൂവെന്നും പരാതിക്കാരന്റെ ചികിത്സാ അത്തരത്തിലുള്ളതല്ലെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്.
എന്നാൽ അടിയന്തര സ്വഭാവമുള്ള സാഹചര്യങ്ങളിൽ ഇൻഷുറൻസ് പാനലിൽ പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും അംഗീകൃത നിരക്കിൽ ചികിത്സാ ചെലവ് കൊടുക്കാൻ വ്യവസ്ഥയുണ്ടെന്നിരിക്കെ പരാതിക്കാരനു ചികിത്സാ ചെലവു നൽകാൻ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കമ്മിഷൻ വിധിച്ചു.
ജീവനക്കാരിൽനിന്ന് പ്രീമിയം സ്വീകരിച്ച ശേഷം ഇൻഷുറൻസ് പദ്ധതിയുടെ ലക്ഷ്യത്തിന് അനുയോജ്യമല്ലാത്ത വിധം വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നത് അനുചിതമാണ്. പരാതിക്കാരനെ അടിയന്തര സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരാതിക്കാരന്റെ രോഗത്തിനുള്ള ചികിത്സ നൽകാനുള്ള സംവിധാനം ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിലും മെഡിസെപ് പദ്ധതിയുടെ പാനലിൽ ആശുപത്രിയിലെ ഈ പ്രത്യേക ചികിത്സാ വിഭാഗം ഉൾപ്പെട്ടിരുന്നില്ല. അതിനാൽ ചികിത്സാ ചെലവ് പരാതിക്കാരൻ വഹിക്കേണ്ടി വന്നു. തുടർന്നാണ് മെഡിസെപ് പദ്ധതിപ്രകാരം ആനുകൂല്യത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത്.
പരാതിക്കാരന്റെ ചികിത്സ അടിയന്തര സ്വഭാവമുള്ളതായിരുന്നുവെന്നു കാണിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതമാണ് കമ്പനിയെ സമീപിച്ചത്. എന്നാൽ ഇൻഷുറൻസ് കമ്പനി അപേക്ഷ തള്ളുകയായിരുന്നു. തുടർന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ജീവനക്കാരുടെ ചികിത്സ മുൻനിർത്തിയുള്ള ഒരു പദ്ധതിയിലെ വ്യവസ്ഥയെ ദുർവ്യാഖ്യാനം ചെയ്യുന്നതാണ് ഇൻഷുറൻസ് കമ്പനിയുടെ നിലപാടായി കണ്ടതെന്നും അതിനാൽ ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം വിധിപ്രകാരമുള്ള സംഖ്യ നൽകണമെന്നും വീഴ്ച വന്നാൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ വിധിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.