ഗാന്ധിനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ പ്രത്യാക്രമണത്തെ കുറിച്ചുള്ള വിശദീകരണത്തിന് വിദേശകാര്യ സെക്രട്ടറി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനൊടൊപ്പം ശ്രദ്ധാകേന്ദ്രമായ വനിതാ സൈനികോദ്യോഗസ്ഥയാണ് കേണല്‍ സോഫിയ ഖുറേഷി.
ഗുജറാത്തിലെ വഡോദര സ്വദേശിയാണ് കേണല്‍ സോഫിയ ഖുറേഷി. രാജ്യത്തെ സംബന്ധിച്ച സുപ്രധാന നിമിഷത്തെ കുറിച്ചുള്ള വിശദീകരണത്തിലും രാജ്യത്തിന്റെ അഭിമാനനിമിഷത്തിലും കേണല്‍ സോഫിയ ഖുറേഷിയും ഭാഗമായതില്‍ അഭിമാനിക്കുകയാണ് ധീരസൈനികയുടെ കുടുംബം.അധ്യാപികയാകാനുള്ള ആഗ്രഹം ഉള്ളിലുണ്ടായിരുന്ന കേണല്‍ സോഫിയ ഗവേഷണപഠനം ഉപേക്ഷിച്ചാണ് സൈന്യത്തില്‍ ചേര്‍ന്നത്. കേണല്‍ സോഫിയയുടെ മാതാപിതാക്കളും സഹോദരന് മുഹമ്മദ് സഞ്ജയും വഡോദരയിലാണ് താമസിക്കുന്നത്. പിഎച്ച്ഡി ഏകദേശം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അധ്യാപികയാകണമെന്ന മോഹമുപേക്ഷിച്ച് രാജ്യത്തെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിലേക്ക് കേണല്‍ സോഫിയ എത്തിയതെന്ന് സഹോദരന് സഞ്ജയ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന മുത്തച്ഛന്റേയും പിതാവിന്റേയും പാതയാണ് സഹോദരി തിരഞ്ഞെടുത്തതെന്ന് സഞ്ജയ് പറഞ്ഞു.
"ഞങ്ങളുടെ സിരകളില്‍ ദേശസ്നേഹമാണ് ഒഴുകുന്നതെന്ന് പറയാം. സ്കൂള്‍ പഠനത്തിനുശേഷം ബിഎസ് എസിയും ബയോകെമിസ്ട്രിയില്‍ ബുരുദാനന്തര ബിരുദവും നേടിയ സോഫിയയുടെ ആഗ്രഹം ഒരു കോളേജ് അധ്യാപികയാകണമെന്നായിരുന്നു. വഡോദര എംഎസ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് ലക്ചററായി ചേര്‍ന്നു. അതിനോടൊപ്പം ഗവേഷണവും തുടര്‍ന്നു. ആ സമയത്താണ് ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലൂടെ സോഫിയ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതോടെ സൈന്യത്തിന്റെ ഭാഗമാകാനായി ചെറുപ്പകാലം മുതലുള്ള ആഗ്രഹം ഉപേക്ഷിച്ചു; ഒപ്പം ഗവേഷണപഠനവും." സഞ്ജയ് പറഞ്ഞു.സഹോദരിയെ കുറിച്ച് ഏറെ അഭിമാനിക്കുന്നതായി പറഞ്ഞ സഞ്ജയ് തന്റെ കൗമാരപ്രായക്കാരിയായ മകള്‍ സാറയ്ക്ക് ഇന്ത്യന്‍ സേനയില്‍ ചേരാനാണ് ആഗ്രഹമെന്നും അതിന് പ്രചോദനമായത് സഹോദരിയാണെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കുറിച്ചാണ് തങ്ങള്‍ ആശങ്കപ്പെടുന്നതെന്നാണ് കേണല്‍ സോഫിയയുടെ പിതാവ് താജുദ്ദീന് ഖുറേഷിയുടെ പ്രതികരണം. മകളെ കുറിച്ച് അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ മനസ്സില്‍ ഇന്ത്യക്കാരാണെന്ന യാഥാര്‍ഥ്യമാണ് ആദ്യം ഉണരുന്നതെന്നും മുസ്ലിമെന്നുള്ള ചിന്തയൊക്കെ അതിനുശേഷമാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് 1999-ല്‍ ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തില്‍ ചേരുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ഓഫീസറായ കേണല്‍ സോഫിയ ഖുറേഷി നിരവധി നേട്ടങ്ങളിലൂടെ സൈനിക ചരിത്രത്തില്‍ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. ആസിയാൻ അന്താരാഷ്ട്ര സൈനിക അഭ്യാസ ക്യാമ്പിൽ ഇന്ത്യൻ സേനയെ നയിച്ച ആദ്യ വനിത ഓഫീസർ ആണ് സോഫിയ . 2016-ൽ പൂണെയിൽ വെച്ച് നടന്ന 17 രാജ്യങ്ങൾ പങ്കെടുത്ത ആസിയാൻ സൈനിക ക്യാമ്പിൽ നാല്പത് അംഗ ഇന്ത്യൻ സേനാവിഭാഗത്തെ നയിച്ചത് സോഫിയ ആയിരുന്നു. 18 രാജ്യങ്ങളിൽ നിന്നുള്ള ലീഡിങ് കമാന്‍ഡർമാരിലെ ഏക വനിതയായിരുന്നു അവർ.ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ മിലിട്ടറി ഡ്രില്ലായിരുന്നു ഇത്. അന്ന് 35 വയസ്സായിരുന്നു സോഫിയയ്ക്ക്. യുഎൻ സമാധാനസേനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പരിചയവും സോഫിയയ്ക്കുണ്ട്. 2006-ൽ കോംഗോയിലെ യു.എൻ പീസ് മിഷന്റെ ഭാഗമായിരുന്നു. കേണല്‍ സോഫിയ ഖുറേഷിയുടെ ഭര്‍ത്താവ് മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രിയിലെ ഉദ്യോഗസ്ഥനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.