ഈറോഡ്∙ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്നു.
ശിവഗിരി വിലാങ്കാട്ട് വലസിൽ മേക്കരയാൻ തോട്ടത്തിലെ രാമസ്വാമി (75), ഭാര്യ ഭാഗ്യം (65) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് നാലുദിവസത്തെ പഴക്കമുണ്ട്. ദമ്പതികൾ ധരിച്ചിരുന്ന 12 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന തോട്ടത്തിന് സമീപം ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകളില്ല.രാമസ്വാമിയുടെയും ഭാഗ്യത്തിന്രെയും മക്കൾ വിവാഹത്തിന് ശേഷം വേറെ സ്ഥലങ്ങളിലാണ് താമസിക്കുന്നത്. കഴിഞ്ഞ 4 ദിവസമായി മക്കൾ മാതാപിതാക്കളെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പ്രദേശത്ത് താമസിക്കുന്ന ബന്ധുക്കൾ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ശിവഗിരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടത്. ഇവരുടെ ശരീരത്തിൽ പരുക്കുകളും രക്തക്കറയും കാണുകയും ആഭരണങ്ങൾ നഷ്ടപ്പെടുകയും ചെയ്തതിനാൽ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് മക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി അഡീഷണൽ എസ്പി വിവേകാനന്ദന്റെ നേതൃത്വത്തിൽ 8 പേർ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പോസ്റ്റുമോർട്ടം നടത്തിയ ദമ്പതികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിന് എത്തിയ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ദമ്പതികൾ വീട്ടിൽ നേരത്തെ നായയെ വളർത്തിയിരുന്നു. എന്നാൽ കഴിഞ്ഞമാസം ഈ നായയ്ക്ക് രാത്രി അജ്ഞാതർ വിഷം നൽകി കൊന്നിരുന്നു. ഒറ്റയ്ക്ക് തോട്ടത്തിൽ താമസിച്ചിരുന്ന ദമ്പതികളെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയാണ് കൊലപാതകവും കൊള്ളയും നടന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.