ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിലെ കണ്ണീര്‍ക്കാഴ്ചയായിരുന്നു ഹിമാംശി നര്‍വാള്‍ എന്ന യുവതിയുടെ ചിത്രം.
വിവാഹം കഴിഞ്ഞ് ആറാംനാള്‍ മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയതായിരുന്നു ഹിമാംശിയും ഭര്‍ത്താവും നേവി ഓഫീസറുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളും. മനോഹരമായ ഓര്‍മകളുമായി തിരിച്ചുപോകേണ്ടിയിരുന്ന ഇവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ നോട്ടമിട്ട് ഭീകരര്‍ നടത്തിയ നരനായാട്ടില്‍ വിനയ് നര്‍വാളും വെടിയേറ്റ് വീണു. വിനയിയുടെ മൃതദേഹത്തിനരികില്‍ കണ്ണീരോടെയിരിക്കുന്ന ഹിമാംശിയുടെ ചിത്രം പഹല്‍ഗാം ആക്രമണത്തിന്റെ മുഖചിത്രമായി.പഹല്‍ഗാം കൂട്ടക്കുരുതിയ്ക്ക് പകരമായി പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 'ഓപ്പറേഷന് സിന്ദൂര്‍' നടത്തിയ സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഹിമാംശി. ഭീകരവാദത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് ശക്തമായ സന്ദേശമാണെന്നും ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കരുതെന്നും ഹിമാംശി പറഞ്ഞു."തങ്ങള്‍ 26 കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വിനയിയുടെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടവരുടെയും കുറവ് ഒരിക്കലും നികത്താനാകില്ല. എന്നാല്‍ ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ. തിരിച്ചടിയില്‍ അതിയായ സംതൃപ്തിയുണ്ട്"- ഹിമാന്‍ഷി പറയുന്നു.
ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുന്‍പ് ഭീകരവാദികൾ തന്നോട് പറഞ്ഞ വാക്കുകളും ഹിമാംശി ഓര്‍ത്തെടുത്തു. "വിവാഹം കഴിഞ്ഞ് ആറ് ദിനങ്ങള്‍ മാത്രമേ ആയിട്ടൂള്ളൂ, തങ്ങളെ വെറുതെ വിടണമെന്നും ദയ കാണിക്കണമെന്നും യാചിച്ചു. എന്നാല്‍ അവരുടെ മറുപടി ഇങ്ങനെയായിരുന്നു, പോയി മോദിയോട് ചോദിക്കെന്ന്, അതെ ഞങ്ങള്‍ ചോദിച്ചു. അതോടെ അവര്‍ക്ക് കൃത്യമായ മറുപടിയും ലഭിച്ചിരിക്കുന്നു"- ഹിമാംശി കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാമിലെ കൂട്ടക്കുരുതി നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യന്‍ സേനകള്‍ സംയുക്തമായി തകര്‍ത്തത്. 'ഓപ്പറേഷന് സിന്ദൂര്‍' എന്ന ദൗത്യത്തിലൂടെ. പാകിസ്താനിലെ സാധാരണക്കാരെയോ പാക് സൈനിക കേന്ദ്രങ്ങളെയോ ഉന്നംവെയ്ക്കാതെ, ഭീകരരെ അവരുടെ താവളങ്ങളില്‍വെച്ച് തീര്‍ക്കുകയെന്ന ഇന്ത്യയുടെ തീരുമാനമാണ് ഓപ്പറേഷന് സിന്ദൂറിലൂടെ നടപ്പാക്കിയത്.പാകിസ്താനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്ലി, ബഹാവല്‍പുര്‍, മുരീദ്കെ, റവാലകോട്ട്, ഭിംബര്‍, ചക്സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ള ക്യാമ്പസ്', ലഷ്കര്‍ ആസ്ഥാനമായ മുരീദ്കെയിലെ 'മര്‍ക്കസ് തൊയ്ബ', ഹിസ്ബുള്‍ ക്യാമ്പായ സിയാല്‍കോട്ടിലെ 'മെഹ്മൂന ജോയ' എന്നിവയെല്ലാം ഇന്ത്യയുടെ 'ഓപ്പറേഷന് സിന്ദൂറി'ല്‍ ചാരമായി. 25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തില്‍ സ്കാള്‍പ്(സ്റ്റോം ഷാഡോ) മിസൈലുകളും ഹാമ്മര്‍ ബോംബുകളും ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ പ്രയോഗിച്ചു. 'ഓപ്പറേഷന് സിന്ദൂറി'ന് പിന്നാലെ പാകിസ്താനിലെ ഈ ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങളും അവിടങ്ങളില്‍ ആക്രമണം നടത്തുന്നതിന്റെ വീഡിയോദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.