മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ.
ഇനി ടെസ്റ്റ് കളിക്കാനില്ലെന്ന് രോഹിത് ശർമ ബുധനാഴ്ച രാത്രിയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഏകദിന ഫോർമാറ്റിൽ തുടർന്നും കളിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കിയിട്ടുണ്ട്. 2024 ലെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ട്വന്റി20യിൽനിന്നു വിരമിച്ചിരുന്നു.‘‘ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കുകയാണ്. വെള്ള ജഴ്സിയില്‍ രാജ്യത്തിനുവേണ്ടി കളിക്കാൻ സാധിച്ചത് വലിയ ആദരമായി ഞാൻ കണക്കാക്കുന്നു. വർഷങ്ങളായി എനിക്കു നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റിൽ ഇനിയും രാജ്യത്തിനായി ഞാൻ കളിക്കാനിറങ്ങും.’’– രോഹിത് ശർമ പ്രതികരിച്ചു. 2024–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായപ്പോൾ തന്നെ, രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. ഐപിഎലിനു തൊട്ടുപിന്നാലെ ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കാനുണ്ട്. ഈ പരമ്പരയിൽ ഇന്ത്യ പുതിയ ക്യാപ്റ്റനു കീഴിൽ ഇറങ്ങും.67 മത്സരങ്ങളിൽനിന്ന് 12 സെഞ്ചറികളും 18 അർധ സെഞ്ചറികളുമുൾപ്പടെ 4301 റൺസെടുത്താണ് രോഹിത് ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്. ബോർഡർ– ഗാവസ്കര്‍ ട്രോഫിയിൽ ഇന്ത്യ 3–1ന് പരമ്പര കൈവിട്ടിരുന്നു. തുടർച്ചയായി നിറം മങ്ങിയതോടെ ഓസ്ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റിൽ രോഹിത് കളിച്ചിരുന്നില്ല. അതിനു മുൻപ് നാട്ടിൽ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റിൽ വൈറ്റ് വാഷ് തോൽവി വഴങ്ങിയതും രോഹിത് ശർമയ്ക്കു നിരാശയായി.ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ വർഷം നടന്ന മെൽബൺ ടെസ്റ്റിലാണ് രോഹിത് അവസാനമായി കളിച്ചത്. 2013 ൽ വെസ്റ്റിൻഡീസിനെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ 177 റൺസെടുത്ത രോഹിത് കളിയിലെ താരവുമായി. ഇന്നിങ്സിനും 51 റൺസിനുമാണ് ഇന്ത്യ ഈ മത്സരം ജയിച്ചത്. ഇന്ത്യയെ 24 ടെസ്റ്റുകളിൽ നയിച്ച രോഹിത്, 12 വിജയങ്ങൾ സ്വന്തമാക്കി. ഒൻപതു കളികളിൽ തോൽവി വഴങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.