ചെന്നൈ : ഔദ്യോഗിക ജീവിതത്തിന്റെ ട്രാക്കിൽനിന്ന് ഒളിംപ്യൻ ഷൈനി വിൽസൺ ഇന്നു വിരമിക്കുന്നു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ജനറൽ മാനേജർ പദവിയിൽ നിന്ന് വിരമിക്കുന്ന ഷൈനയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ, ട്രാക്കിലും ഫീൽഡിലും ഷൈനിക്ക് ഒപ്പമുണ്ടായിരുന്ന കായികതാരങ്ങൾ ഇന്നു ചെന്നൈയിലെത്തും. ‘ജീവിതത്തിൽ ഏറെ സന്തോഷവും സംതൃപ്തിയും തോന്നുന്ന നിമിഷങ്ങളാണ് ഇത്. വിരമിക്കുന്നതോടെ ചെന്നൈ വിടുകയാണ്. ഇനി കൊച്ചിയിലായിരിക്കും കുടുംബം’– ഷൈനി പറഞ്ഞു.
1984ൽ ക്ലർക്കായി എഫ്സിഐയിലെത്തിയ ഷൈനി ഔദ്യോഗിക ജീവിതത്തിലും ഏറെ സമയം മൈതാനങ്ങളിലായിരുന്നു. 1984 മുതൽ 4 ഒളിംപിക്സുകളിൽ തുടർച്ചയായി മൽസരിച്ച ആദ്യ മലയാളിയെന്ന പെരുമയും 1992 ബാർസിലോന ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തെ നയിച്ച് ദേശീയ പതാകയേന്തിയ വനിതയെന്ന ഖ്യാതിയും ഷൈനിയുടെ പേരിലാണ്.ഒളിംപിക്‌സ് സെമിയിൽ കടന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം ആദ്യ ഒളിംപിക്സിൽത്തന്നെ ഷൈനി സ്വന്തം പേരിലാക്കി. 4 ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുള്ള ഷൈനി, ഏഷ്യൻ ഗെയിംസ് റിലേയിൽ സ്വർണവും വെള്ളിയും നേടിയതിനു പുറമേ ഓരോ വെള്ളിയും വെങ്കലവും വ്യക്തിഗത ഇനത്തിലും നേടി.
6 തവണ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ മൽസരിച്ച് 7 സ്വർണവും 5 വെള്ളിയും 2 വെങ്കലവും നേടി. 75 രാജ്യാന്തര മൽസരങ്ങളിലാണ് ഇന്ത്യയ്ക്കായി ഷൈനി മൽസരിച്ചത്. 1986ൽ സോൾ ഒളിംപിക്സിൽ 800 മീറ്ററിൽ ഒന്നാമതെത്തിയെങ്കിലും ട്രാക്ക് തെറ്റിയോടിയെന്ന കാരണത്താൽ അയോഗ്യയാക്കപ്പെട്ടതു ഷൈനിയുടെ കായിക ജീവിതത്തിലെ വലിയ ദൗർഭാഗ്യമായി. 1988ൽ വിവാഹിതയായ ശേഷവും ട്രാക്ക് ജീവിതം തുടർന്നു. 33–ാം വയസ്സിൽ, 1998ലായിരുന്നു കായികജീവിതത്തിൽനിന്നു വിരമിച്ചത്. കേരള, തമിഴ്നാട് സർക്കാരുകളുടെ വിവിധ കായിക സമിതികളിൽ അംഗമായിരുന്നു. 1998ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഇടുക്കി ജില്ലയിലെ വഴിത്തല സ്വദേശിനിയാണ്. മുൻ രാജ്യാന്തര നീന്തൽ താരവും പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) മുൻ സീനിയർ സ്പോർട്സ് ഓഫിസറുമായ വിൽസൺ ചെറിയാനാണു ഭർത്താവ്. മക്കൾ: ശിൽപ, സാന്ദ്ര, ഷെയ്ൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.