ലഖ്നൗ: ജയിലിനുള്ളില്‍ നിയമം പഠിക്കാനുള്ള അനുമതി തേടി കൊലക്കേസ് പ്രതി. കുപ്രസിദ്ധമായ മീററ്റ് കൊലപാതകക്കേസിലെ പ്രധാന പ്രതിയായ മുസ്കാന് റസ്തോഗി (28) ആണ് ഇങ്ങനെ ഒരാവശ്യവുമായി ജയില്‍ അധികൃതരെ സമീപിച്ചത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് മുസ്കാന് പിടിയിലായത്. തനിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് നന്നായി വാദിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചാണ് മുസ്കാന് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്ന് ജയില്‍ അധകൃതര്‍ പറയുന്നു.
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ ഒളിപ്പിച്ച കേസിലാണ് മുസ്കാനും കാമുകന് സാഹില്‍ ശുക്ലയും ശിക്ഷ അനുഭവിക്കുന്നത്. മുസ്കാനും സാഹിലും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2016-ലാണ് സൗരഭും മുസ്കാനും വിവാഹിതരായത്, പ്രണയവിവാഹമായിരുന്നു. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള ആഗ്രഹത്തില്‍ സൗരഭ് മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു.2019-ല്‍ ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചു. ഇതിനിടെ മുസ്കാന് മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയ സൗരഭ് വിവാഹമോചനത്തിന് മുതിര്‍ന്നെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നാലെ, മര്‍ച്ചന്റ് നേവിയിലെ ഉദ്യോഗം വീണ്ടെടുക്കാന്‍ തീരുമാനിച്ച് 2023-ല്‍ ലണ്ടനിലേക്ക് പോയി. ഫെബ്രുവരിയില്‍ മകളുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി നാട്ടില്‍ എത്തിയപ്പോഴാണ് മുസ്കാന് കാമുകനുമായി ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. മാര്‍ച്ച് നാലിനായിരുന്നു സംഭവം.
ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നൽകിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. സൗരഭിന്റെ ഹൃദയം ഛിന്നഭിന്നമായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പിന്നീട്, മൃതശരീരം 15 കഷണങ്ങളാക്കി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റിട്ട് അടച്ചു. കൊല്ലപ്പെട്ട് 14 ദിവസത്തിന് ശേഷമാണ് പോലീസ് സൗരഭിന്റെ മൃതദേഹം കണ്ടെടുത്തത്. എട്ടാം ക്ലാസുവരെ ഒരുമിച്ച് പഠിച്ചവരായിരുന്നു മുസ്കാനും സാഹിലും. 2019 മുതല്‍ സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും ബന്ധം പുനരാരംഭിച്ചത്.
ബന്ധം ആരംഭിച്ചപ്പോള്‍ മുതല്‍ മുസ്കാനെ സാഹില്‍ മയക്കുമരുന്നിന് അടിമയാക്കിയിരുന്നതായി മുസ്കാന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സൗരഭിന് നീതി ലഭിക്കണമെന്നും മകള്‍ക്ക് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുസ്കാന്റെ പിതാവ് പറഞ്ഞിരുന്നു. ഇരുവരും മയക്കുമരുന്നിന് അടിമകളായിരുന്നു എന്നും ഇരുവരെയും തൂക്കിക്കൊല്ലണമെന്നുമായിരുന്നു മുസ്കാന്റെ കുടുംബം ആവശ്യപ്പെട്ടത്. നിലവില്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലാ ജയിലിലാണ് മുസ്കാനും സാഹില്‍ ശുക്ലയും ഉള്ളത്.
കോടതിയില്‍ വാദിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അതിന് നിയമം പഠിക്കേണ്ടത് അനിവാര്യമാണെന്നും അതിനായി ജയിലില്‍ തുടര്‍ന്നുകൊണ്ടുതന്നെ സൗകര്യങ്ങള്‍ ജയില്‍ അധികൃതര്‍ ചെയ്തുതരണം എന്നുമാണ് മുസ്കാന് ജയില്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ പറയുന്നത്. അതേസമയം, എട്ടാംക്ലാസില്‍ പഠനം നിര്‍ത്തിയ മുസ്കാന്റെ ആവശ്യം അംഗീകരിക്കാന്‍ നിയമപരമായ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ജയിലിനുള്ളില്‍ കഴിയുന്നവര്‍ക്കും പഠിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു കോഴ്സ് ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി മുന്നോട്ടുവെക്കുന്നുണ്ടെന്നും മുസ്കാന് പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ വേണ്ട നിയമനടപടികള്‍ കൈക്കൊള്ളുമെന്നും മീററ്റ് ജില്ലാ ജയില്‍ സൂപ്രണ്ടന്റ് വിരേഷ് രാജ് ശര്‍മ പറഞ്ഞു. ജയിലിലായ ശേഷം ഇതുവരെ ബന്ധുക്കളാരുംതന്നെ മുസ്കാനെ കാണാന്‍ വന്നിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. അതേസമയം, സാഹിലിന്റെ മുത്തശ്ശിയും സഹോദരനും അയാളെ ജയിലിലെത്തി കണ്ടതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.