കണ്ണൂർ : തല്ലുകിട്ടി ഹീറോയാകാനുള്ള നീക്കമാണ് യൂത്ത് കോൺഗ്രസ് നേതാക്കൻമാർ മലപ്പട്ടത്ത് നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. മലപ്പട്ടത്തുണ്ടായ യൂത്ത് കോൺഗ്രസ്–സിപിഎം സംഘർഷവുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, സിപിഎം അക്രമത്തിലും ഗാന്ധി സ്തൂപം തകർത്തതിലും പ്രതിഷേധിച്ച് 21ന് കലക്ടറേറ്റ് പടിക്കൽ ഉപവാസ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് മലപ്പട്ടത്ത് സിപിഎം–യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചതെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. ‘‘മലപ്പട്ടത്ത് ഭീതിയുണ്ടാക്കാനാണ് ശ്രമം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് അഴിഞ്ഞാട്ടം നടത്തിയത്. കാൽനട ജാഥ സിപിഎം ശക്തികേന്ദ്രത്തിലൂടെ കടന്നുപോയിട്ടും ആരും ഒരു തടസ്സവുമുണ്ടാക്കിയില്ല. മലപ്പട്ടത്ത് എത്തിയപ്പോഴാണ് പ്രശ്നമുണ്ടായത്. ജാഥയുടെ പിന്നിൽ ഗുണ്ടാസംഘത്തെ ഒരുക്കി നിർത്തി. ഇവരാണ് അക്രമം ആരംഭിച്ചത്. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കത്തി താഴെ വച്ചിട്ടില്ലെന്ന് അവർ മുദ്രാവാക്യം വിളിച്ചു. ധീരജിനെ കൊന്നത് അവരാണെന്ന് പൊതുസമൂഹത്തിന് മുന്നിൽ വിളിച്ചു പറഞ്ഞു. ധീരജിന്റെ നാട്ടിൽ നിന്ന് അധിക ദൂരമില്ല മലപ്പട്ടത്തേക്ക്. അങ്ങനെയൊരു പ്രദേശത്ത് ഈ മുദ്രാവാക്യം എന്തുമാത്രം പ്രകോപനമുണ്ടാക്കുമെന്ന് കോൺഗ്രസ് നേതാക്കൾക്ക് അറിയാം. സിപിഎം ഓഫിസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞപ്പോൾ നേതാക്കൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ വലിയ പ്രശ്നങ്ങളിലേക്ക് പോയേനെ.
എന്നാൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പോലും പ്രകോപനം തുടർന്നു. തല്ലുകിട്ടി ഹീറോ ആകാനാണ് നേതാക്കൻമാർ ശ്രമിച്ചത്. സംസ്ഥാന സർക്കാരിന്റെ നാലാം വർഷികത്തോടനുബന്ധിച്ച് കണ്ണൂർ കലക്ടറേറ്റിന് സമീപം സ്ഥാപിച്ച ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങളുടെ തുടക്കം, അല്ലാതെ സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടല്ല. പ്രകോപനമുണ്ടാക്കിയ യൂത്ത് കോൺഗ്രസ് നേതാക്കൻമാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം.’’ – കെ.കെ.രാഗേഷ് പറഞ്ഞു.മലപ്പട്ടത്ത് ഗാന്ധി സ്തൂപം സിപിഎം പ്രവർത്തകർ തകർത്തതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. ‘‘അതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പദയാത്ര നടത്തിയത്. ഗാന്ധി സ്തൂപം പോലും സിപിഎം വെറുതെ വിടുന്നില്ല. ഇന്നലെ സ്തൂപം തകർത്തത് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. സ്തൂപം തകർക്കുമ്പോൾ പൊലീസ് നോക്കി നിന്നു. അക്രമികൾക്ക് പൊലീസ് ഒത്താശ ചെയ്തു. വാർഡ് മെമ്പർമാർ ഉൾപ്പടെയുള്ള സിപിഎം നേതാക്കളാണ് അക്രമം അഴിച്ചുവിട്ടത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉൾപ്പടെ അക്രമത്തിന് ഗൂഢാലോചന നടത്തി. യൂത്ത് കോൺഗ്രസ് പരിപാടി നടത്തുന്ന സ്ഥലത്ത് അനധികൃതമായി സംഘം ചേർന്ന സിപിഎം പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തില്ല. മലപ്പട്ടം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി പുറത്ത് കൊണ്ടുവന്നതിനാലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്. ഗാന്ധി നിന്ദയ്ക്കെതിരെ ഈ മാസം 21ന് ഡിസിസി പ്രസിഡന്റും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റും ഉപവസിക്കും’’– മാർട്ടിൻ ജോർജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.