തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. വനിതാ ശിശു വികസന ഡയറക്ടര്‍ ഹരിത വി.കുമാര്‍ ചെയര്‍പഴ്സണ്‍ ആയാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. ആശമാരുടെ ഓണറേറിയം, സേവനകാലാവധി എന്നിവ സംബന്ധിച്ച് പഠിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കും.
ആശാ വര്‍ക്കര്‍ സമരം ശക്തമായ സാഹചര്യത്തില്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സമിതി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായിരുന്നില്ല. സമിതി രൂപീകരിക്കുന്ന വിവരം സര്‍ക്കാര്‍ ഹൈക്കോടതിയിലും അറിയിച്ചിരുന്നു. ഒരു വിഭാഗം ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രാപ്പകല്‍ യാത്ര നടത്തുന്നതിനിടെയാണ് പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ സമിതി രൂപീകരിച്ചിരിക്കുന്നത്. ആശാ സമരം 100 ദിവസത്തോട് അടുക്കുകയാണ്. ഏപ്രില്‍ 3ന് നടന്ന ചര്‍ച്ചയിലാണ് പ്രശ്നം പഠിക്കാന്‍ സമിതിയെ വയ്ക്കാമെന്നും സമരം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിലവിലുള്ള 7000 രൂപ ഓണറേറിയം 10000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ചര്‍ച്ചയില്‍ ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഓണറേറിയം വര്‍ധിപ്പിച്ച ശേഷം സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് സമരസമിതി അറിയിച്ചിരുന്നത്. നിലവില്‍ 38 ദിവസത്തിനു ശേഷമാണ് സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഹരിതാ വി.കുമാറിനു പുറമേ ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ആര്.സുഭാഷ്, ധന, തൊഴില്‍ വകുപ്പില്‍നിന്ന് അവര്‍ നിര്‍ദേശിക്കുന്ന അഡീ.സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥര്‍, എന്‍എച്ച്എം സോഷ്യൽ ഡവലപ്മെന്റ് മേധാവി കെ.എം.സീന എന്നിവരാണ് സമിതിയിലുള്ളത്. സമിതി വിവിധ ട്രേഡ് യൂണിയന് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പഠിച്ച് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതു പരിഗണിച്ചാവും സര്‍ക്കാര്‍ ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. അതേസമയം, ഓണറേറിയം വര്‍ധിപ്പിക്കാനും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാനും സമിതിയുടെ ആവശ്യമില്ലെന്നും സമരം പൊളിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് സമിതി രൂപീകരണമെന്നുമാണ് സമരസമിതി നേതാക്കള്‍ ആരോപിക്കുന്നത്.ആശാ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍: വനിതാ ശിശു വികസന ഡയറക്ടര്‍ ഹരിത വി.കുമാര്‍ ചെയര്‍പഴ്സണ്‍ ആയാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്
0
വ്യാഴാഴ്ച, മേയ് 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.