വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിൽ പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.
കുർബാനയ്ക്ക് ശേഷം, അദ്ദേഹത്തിന്റെ മുതദേഹം ഘോഷയാത്രയായി ശവകുടീരത്തിലേക്ക് കൊണ്ടുപോകും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് കീഴിലുള്ള ഒരു ഗ്രോട്ടോയിലാണ് പോപ്പുകളെ സാധാരണയായി അടക്കം ചെയ്യുന്നത്, എന്നാൽ റോമിൽ സ്ഥിതി ചെയ്യുന്ന സാന്താ മരിയ മാഗിയോർ എന്ന അടുത്തുള്ള ബസിലിക്കയിൽ തന്റെ അന്ത്യവിശ്രമസ്ഥലം സ്ഥാപിക്കണമെന്ന് ഫ്രാൻസിസ് അഭ്യർത്ഥിച്ചു.
സംസ്കാര ശ്രൂശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്നത് ആയിരങ്ങളാണ്. ശനിയാഴ്ച സംസ്‌കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. വിശ്വാസി പ്രവാഹം കണക്കിലെടുത്തി റോമിൽ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പതന്നെ താൽപര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ കൂടുതൽ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ വസതിയിൽ 88 -ാം വയസിലാണ് കാലം ചെയ്തത്. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജൻറീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.