ഏറ്റുമാനൂർ ;സ്വന്തം ബൈക്ക് കത്തിച്ച് പിതാവിന്റെ കാർ സ്വന്തമാക്കാൻ ശ്രമിച്ച യുവാവിന്റെ കുബുദ്ധി പൊളിച്ചടുക്കി ഏറ്റുമാനൂർ പൊലീസ്.
നീണ്ടൂർ സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ മുപ്പത്തേഴുകാരനാണു സ്വന്തം ബൈക്ക് കത്തിച്ച് പൊലീസിനെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെ നീണ്ടൂർ പഞ്ചായത്ത് പരിധിയിലാണു സംഭവം. പ്രവാസി മലയാളിയാണു യുവാവിന്റെ പിതാവ്.
പിതാവിന്റെ പേരിലുള്ള കാർ താൻ ഉപയോഗിച്ചോട്ടെയെന്ന് യുവാവ് പലതവണ ചോദിച്ചിട്ടും സമ്മതിച്ചില്ല. ‘ബൈക്ക് ഉണ്ടല്ലോ, അതു മതി’ എന്നായിരുന്നു പിതാവിന്റെ മറുപടി. എന്നാൽ കാർ സ്വന്തമാക്കാനായി ബൈക്ക് യുവാവ് തന്നെ കത്തിക്കുകയായിരുന്നു. തുടർന്നു നാട്ടുകാരെയും വീട്ടുകാരെയും വിവരമറിയിച്ചു.
ബൈക്ക് അജ്ഞാതർ കത്തിച്ചുവെന്നു പൊലീസിലും വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്.അൻസലിനു യുവാവിന്റെ മൊഴി കേട്ടപ്പോൾ സംശയം ബലപ്പെട്ടു. പരിശോധനയിൽ, വീടിനു സമീപത്തു നിന്നു പെട്രോൾ വാങ്ങിയ കുപ്പിയും അതു കൊണ്ടുവരാൻ ഉപയോഗിച്ച കൂടും കണ്ടെത്തി.
എന്നിട്ടും ആരാണു കത്തിച്ചതെന്നു തനിക്കറിയില്ലെന്ന നിലപാടിലായിരുന്നു യുവാവ്.തുടർന്നു സമീപത്തെ പെട്രോൾ പമ്പിലെത്തിയ പൊലീസ് പമ്പ് ജീവനക്കാരോടു വിവരങ്ങൾ ആരാഞ്ഞു. ഇതിനിടെ ജോലി കഴിഞ്ഞിറങ്ങിയ പമ്പിലെ ജീവനക്കാരൻ, താനാണ് ഇയാൾക്കു പെട്രോൾ നൽകിയതെന്നു വെളിപ്പെടുത്തി.
ഇതോടെ യുവാവ്, ബൈക്ക് കത്തിച്ചതു ഞാൻ തന്നെയാണെന്നും കാർ സ്വന്തമാക്കാനായിരുന്നു പദ്ധതിയെന്നും സമ്മതിച്ചു. യുവാവിന്റെ സ്വന്തം ബൈക്ക് ആയതിനാലും മറ്റു പരാതികൾ ഇല്ലാത്തതിനാലും കേസെടുക്കാതെ താക്കീത് ചെയ്തു വിട്ടയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.