തിരുവനന്തപുരം; കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്ന എൽഡിഎഫ്, യുഡിഎഫ് രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണമെന്നും അതിന് ബിജെപി അധികാരത്തിൽ വരണമെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ബിജെപിയുടെ സ്ഥാപനദിനത്തിൽ മാരാർജി ഭവനിൽ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം, പുരോഗതി, നിക്ഷേപം, തൊഴിൽ എന്നിവയുള്ള കേരളമാണ് ബിജെപിയുടെ ലക്ഷ്യം. നോക്കുകൂലിയുടെ കേരളം വേണ്ട. വികസിത കേരളം ആരംഭിക്കണം എന്നതാണ് ഞങ്ങളുടെ ദൗത്യം.കഴിഞ്ഞ 11 വർഷംകൊണ്ട് ഇന്ത്യയിലുണ്ടായ മാറ്റം കേരളത്തിലും വരണം.ജനങ്ങളുടെ പ്രശ്‌നങ്ങളും വിഷമങ്ങളും മനസ്സിലാക്കുകയും അതു പരിഹരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ എല്ലാ പ്രവർത്തകരുടെയും ദൗത്യവും കടമയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വേണ്ടി എന്നതാണ്.
പുരോഗതി, വികസന അവസരങ്ങൾ, തൊഴിൽ, വിദ്യാഭ്യാസം എന്നിവയാണ് ബിജെപിയുടെ ദൗത്യം. ഇതിന്റെ ഭാഗമായി എല്ലാ ബിജെപി ജില്ലാ ഓഫിസുകളിലും ‘കൂടെയുണ്ട് ഞങ്ങൾ’ എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന ഹെൽപ് ഡെസ്‌ക്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ വിശദീകരിച്ചു.കേണൽ എസ്.ഡിന്നി, മേജർ ജനറൽ റിട്ട. പി.എസ്.നായർ, ഡോ. ടി.ആർ. ഗോപാലകൃഷ്ണൻ നായർ, പൊതുപ്രവർത്തകനായ വിജയലാൽ ബി.എസ്, തുടങ്ങിയവർ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു.
ബിജെപിയുടെ ആദ്യത്തെ സംസ്ഥാന അധ്യക്ഷൻ ഒ.രാജഗോപാൽ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, അഡ്വ.പി.സുധീർ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.