കോഴിക്കോട്: മുനമ്പം വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചർച്ചയ്ക്ക് വിളിച്ചു.
കേരളത്തിൻ്റെ ഡല്‍ഹിയിലെ പ്രതിനിധി കെവി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പും വ്യക്തമാക്കി. വർഗീസ് ചക്കാലക്കൽ കോഴിക്കോട് അതിരൂപതയുടെ ആർച്ച് ബിഷപ്പായതിന് പിന്നാലെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ.
വഖഫ് ബില്ലിന് കെസിബിസി പിന്തുണ നൽകിയത് മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതിയായിരുന്നു. എന്നാൽ മുനമ്പം പ്രശ്‌നം തീരാന്‍ സുപ്രീംകോടതിയോളം നീളുന്ന നിയമ വ്യവഹാരം നടത്തേണ്ടി വരുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷ മന്ത്രി നല്‍കിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി രംഗത്തിറങ്ങുന്നത്.
അതേസമയം ബിജെപി മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചുവെന്നും സത്യം കേന്ദ്രമന്ത്രിയുടെ വായില്‍നിന്ന് അറിയാതെ വീണുവെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. തികഞ്ഞ വര്‍ഗീയ ലക്ഷ്യത്തോടെയാണ് വഖഫ് ബില്ല് കൊണ്ടുവന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളും കണക്ക് കൂട്ടലുമായിരുന്നു മുനമ്പം വിഷയത്തിലുണ്ടായത്.
രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെ ബിജെപി മുനമ്പത്ത് കൊണ്ടു വന്നത്. എന്നാല്‍ അദ്ദേഹത്തിൻ്റെ നാവില്‍നിന്നുതന്നെ യഥാര്‍ഥ വസ്‌തുത അബദ്ധത്തില്‍ വീണു പോയി. മുനമ്പത്തെ പ്രശ്‌നം വഖഫ് ബില്‍ കൊണ്ട് പരിഹാരമാകില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞു.മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.നിയമപരമായ പരിരക്ഷ കൂടി നല്‍കാനാണ് ശ്രമം. മുനമ്പം നിവാസികളെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമം. മുനമ്പത്തെ ജനങ്ങളുടെ ആശങ്ക ന്യായമാണ്. നിയമമപരമായ പരിരക്ഷ എങ്ങനെ നല്‍കുമെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. എന്നാല്‍ ദുഷ്‌ടലാക്കോടെ ലാഭം കൊയ്യാനുള്ള നീക്കമാണ് മുനമ്പത്ത് ബിജെപി നടത്തിയത്. പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്തു നിന്നടക്കം അതിനു പിന്തുണ നല്‍കുന്ന സമീപനമാണുണ്ടായതെന്നും ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പത്തെ ജനതയെ സർക്കാർ പിന്നിൽ നിന്നു കുത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണം. രണ്ടു മത വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി അതിൽ ലാഭം കണ്ടെത്താനുള്ള സംഘ പരിവാർ അജണ്ടയ്ക്ക് കുടപ്പിടിച്ചു കൊടുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കേന്ദ്രം പാസാക്കിയ വഖഫ് നിയമം മുനമ്പത്തെ വിഷയം പരിഹരിക്കാൻ പര്യാപ്തമല്ല. ഒരിക്കലും അവസാനിക്കാത്ത നിയമ പ്രശ്നത്തിലേക്ക് ഇതു വഴി തിരിക്കുമെന്നും സതീശന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.