ആലപ്പുഴ; ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ പ്രതികൾക്കു സിനിമ മേഖലയിലുള്ളവരുമായുള്ള ബന്ധം സംബന്ധിച്ച് ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് എക്സൈസ് പ്രതീക്ഷിക്കുന്നു.
3 പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള എക്സൈസിന്റെ അപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നു പരിഗണിക്കും. കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താനയുമായി (ക്രിസ്റ്റീന–43) ബന്ധമുണ്ടെന്നു നടൻ ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം പൊലീസിനോടു സമ്മതിച്ചിരുന്നു. തസ്‌ലിമ ഫോണിൽ മെസേജ് അയച്ചിരുന്നെന്നു നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും പറഞ്ഞിരുന്നു.തസ്‌ലിമയുടെ ഫോണിൽ ഒരു നടനുമായുള്ള വാട്സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതു വീണ്ടെടുക്കാൻ ഫൊറൻസിക് സഹായം തേടിയിട്ടുണ്ട്. നടന്മാരുടെ പങ്ക് വ്യക്തമായാൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്‌ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികൾ.‘സെലിബ്രിറ്റി’ പരിഗണന ഇല്ലെന്ന് മന്ത്രി പാലക്കാട് ∙ ലഹരി ഉപയോഗിക്കുന്നവർക്കെതിരെ സിനിമാ മേഖലയെന്നോ മറ്റേതെങ്കിലും മേഖലയെന്നോ നോക്കാതെ നടപടിയെടുക്കുമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘സെലിബ്രിറ്റി’ക്ക് ഒരു പരിഗണനയും ലഭിക്കില്ല. സാമൂഹിക വിപത്തായ ലഹരിയെ ഉരുക്കുമുഷ്ടി കൊണ്ടു സർക്കാർ അടിച്ചമർത്തും.
സിനിമാ സെറ്റിലടക്കം സംശയം തോന്നുന്ന ഏതിടങ്ങളിലും പരിശോധന നടത്തും. വെളിപ്പെടുത്തിയ വിഷയങ്ങളിൽ നിയമനടപടിയുമായി സഹകരിക്കുമെന്നു നടി വിൻ സി അലോഷ്യസ് അറിയിച്ചിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന നിലപാടു സ്വീകരിച്ചതിന് അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണു നടി ഇക്കാര്യം വ്യക്തമാക്കിയത്–മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.