ഗാസ: മാർച്ച് 23 ന് തെക്കൻ ഗാസ നഗരമായ റാഫയ്ക്ക് സമീപം നടന്ന ആക്രമണത്തില്‍ പലസ്തീൻ ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടത് ജോലിക്കിടയിൽ സംഭവിച്ച അബദ്ധമെന്ന് ഇസ്രയേൽ സൈന്യത്തിൻ്റെ അന്വേഷണ റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു ഡെപ്യൂട്ടി കമാൻഡറെ ഇസ്രയേൽ പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.
തെക്കൻ ഗാസ നഗരമായ റാഫയ്ക്ക് സമീപം ഒരേ സ്ഥലത്ത് മൂന്ന് വെടിവയ്പ്പുകളാണ് ഇസ്രയേല്‍ സൈന്യം നടത്തിയത്. ആക്രമണത്തിൽ 15 ആരോഗ്യ പ്രവർത്തകരും ഏതാനും രക്ഷാപ്രവർത്തകരും വെടിയേറ്റ് മരിച്ചിരുന്നു. ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പലസ്തീൻ റെഡ് ക്രസന്റിലെ ഉദ്യോഗസ്ഥർ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.ആക്രമണത്തിൽ ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് കമാൻഡിംഗ് ഓഫീസറായ റിസർവ് വിസ്റ്റിനെ സ്ഥാനത്ത് നിന്ന് പിരിച്ചുവിടുമെന്ന് ഇസ്രയേല്‍ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തെ 'പ്രൊഫഷണൽ പരാജയം' എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. റാഫയിൽ അന്ന് ആദ്യം നടത്തിയ രണ്ട് വെടിവയ്പ്പിന് ശേഷം മൂന്നാമതും ആക്രമണമുണ്ടായിരുന്നു.
ശത്രുസൈന്യത്തിൽ നിന്ന് ഭീഷണി നേരിടേണ്ടിവരുമെന്ന തെറ്റിദ്ധാരണയുടെ ഫലമായിരുന്നു മൂന്നാമത്തെ ആക്രമണമെന്നും ഇസ്രയേല്‍ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. ഹമാസിന്‍റെ വാഹനമെന്ന് തെറ്റിധരിച്ചാണ് വെടിയുതിര്‍ത്തതെന്നും റിപ്പോർട്ടിലുണ്ട്.
സൈനിക അഡ്വക്കേറ്റ് ജനറൽ സംഭവത്തെ കുറിച്ചുളള അന്വേഷണം നടത്തി വരികയാണ്. സൈനികരുടെ കുറ്റം തെളിയിക്കപ്പെട്ടാൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്താമെന്നും സൈന്യം അറിയിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ അറിയിച്ചു അതേ സമയം, ഇസ്രായേല്‍ സൈന്യത്തിന്‍റെ റിപ്പോര്‍ട്ട് തളളി പലസ്തീന്‍ റെഡ് ക്രസന്‍റ് സൊസൈറ്റി രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ തങ്ങളുടെ ജീവനക്കാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് റെഡ് ക്രസന്റ് വിശേഷിപ്പിച്ചു. സൈന്യം വെടിയുതിർത്ത സമയത്ത് മെഡിക്കൽ സംഘത്തിന്റെ വാഹനങ്ങളിൽ അടിയന്തര സിഗ്നലുകൾ ഇല്ലായിരുന്നുവെന്നായിരുന്നു ഇസ്രയേൽ ആദ്യം അവകാശപ്പെട്ടത്. എന്നാൽ ഒരു ഡോക്ടറുടെ ഫോണിൽ നിന്നും കണ്ടെടുത്ത വീഡിയോയിലെ ദൃശ്യങ്ങൾ ഇസ്രയേൽ അവകാശവാദത്തെ തള്ളിക്കളയുന്നതായിരുന്നു.
ഹമാസ് തീവ്രവാദികളുടെ ആംബുലൻസാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്ന് ഇസ്രയേൽ പിന്നീട് അറിയിച്ചിരുന്നു.റാഫയിലെ തെൽ അൽ-സുൽത്താനിൽ മാർച്ച് 23 ന് പുലർച്ചെ ഇസ്രയേൽ സൈനികർ നടത്തിയ വെടിവയ്പ്പിൽ എട്ട് റെഡ് ക്രസന്റ് ഉദ്യോഗസ്ഥരും ആറ് സിവിൽ ഡിഫൻസ് ജീവനക്കാരും ഒരു യുഎൻ ജീവനക്കാരനും കൊല്ലപ്പെട്ടതായാണ് റെഡ് ക്രസന്‍റ് സൊസൈറ്റി അറിയിച്ചിരിക്കുന്നത്.മൃതദേഹങ്ങള്‍ ഇസ്രയേല്‍ സൈന്യം വാഹനത്തോടൊപ്പം കുഴിച്ച് മൂടുകയും ചെയ്തിരുന്നതായി റെഡ് ക്രസന്‍റ് ആരോപിച്ചിരുന്നു. ഒരു ആഴ്ച കഴിഞ്ഞാണ് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥർക്കും രക്ഷാപ്രവർത്തകർക്കും സ്ഥലത്തെത്താൻ കഴിഞ്ഞതെന്നും റെഡ് ക്രസന്റിലെ ഉദ്യോഗസ്ഥർ അറിയിച്ചു. യുഎന്‍ സമിതിയുടെ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.