തിരുവനന്തപുരം;പീഡാനുഭവത്തിനും ഉയര്പ്പിനും ഇടയിലുള്ള ദിവസം നിര്‍ണായകമാണ് വനിത സിവില്‍ പൊലീസ് ഓഫിസേഴ്സ് റാങ്ക് പട്ടികയിലുളളവര്‍ക്ക്. ഒന്നുകില്‍ ഇന്നവസാനിക്കുന്ന റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം.
അല്ലെങ്കില്‍ ഇന്ന് അര്‍ധരാത്രിക്കു മുന്‍പ് ഒഴിവുകള്‍ നികത്തണം. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ കണ്ണടച്ച് ആവശ്യങ്ങള്‍ക്കു ചെവികൊടുക്കാതെ കാക്കിക്കുപ്പായമെന്ന അവരുടെ പ്രതീക്ഷകള്‍ക്കു മേല്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ അവസാന ആണി അടിച്ചതോടെ നിരാശരായി മടങ്ങേണ്ട നിലയിലാണ് ഉദ്യോഗാര്‍ഥികള്‍.
പോകും മുന്‍പ് റാങ്ക് ലിസ്റ്റും ഹാള്‍ ടിക്കറ്റും ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ കത്തിച്ചു ചാമ്പലാക്കി പ്രതിഷേധിച്ചു മടങ്ങാനാണ് തീരുമാനം. വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഒഴിവുകള്‍ ഇല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പിഎസ്സി അടുത്താഴ്ച പുതിയ പട്ടിക പ്രസിദ്ധീകരിക്കും.
മറ്റൊരു കൂട്ടര്‍ക്ക് വലിയ പ്രതീക്ഷയും ഒടുവില്‍ മോഹഭംഗങ്ങളും സമ്മാനിക്കാന്‍. ഒഴിവ് ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നതെന്ന ചോദ്യത്തിനു മാത്രം അധികാരികള്‍ക്കു മറുപടിയില്ല. വര്‍ഷാവര്‍ഷം രണ്ടു കോടി രൂപയോളം മുടക്കി ആചാരമെന്ന നിലയില്‍ പരീക്ഷയും കായികക്ഷമതാ പരീക്ഷയും നടത്തി പട്ടികകള്‍ മുടങ്ങാതെ പുറത്തുവന്നുകൊണ്ടിരിക്കും.
മനസിലെ സങ്കടങ്ങള്‍ നേരിട്ടു കണ്ടാല്‍ കരളലിയുന്നവരാണ് ഭരണാധികാരികള്‍ എന്നു ധരിച്ചാണ് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ പിന്നിട്ട 18 ദിവസം ഭരണവര്‍ഗത്തെക്കുറിച്ച് വലിയ പാഠമാണ് പഠിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ‘‘ഞങ്ങളുടെ മനസ് മനസിലാക്കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം നല്‍കുമെന്ന ലളിതമായ ചിന്തയോടെയാണ് സമരത്തിന് എത്തിയത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ മനസ് കല്ലായിപ്പോയി.
ഈ മണ്ണില്‍നിന്ന് മനസ് വെന്ത് തിരികെപ്പോകേണ്ടിവരുമെന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചില്ല. സര്‍ക്കാരിനെ ഒരുപാട് വിശ്വസിച്ചു. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിപ്പോയി ഇത്’’ - കണ്ണീരോടെ ഒരു ഉദ്യോഗാര്‍ഥി പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ച് പാസായി, കായികക്ഷമതാ പരീക്ഷയെന്ന കടമ്പയും കടന്ന് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച പലരും പ്രായപരിധി കഴിയുന്നതോടെ കാക്കിയെന്ന സ്വപ്നം ഉപേക്ഷിച്ചാണു മടങ്ങുന്നത്.
പട്ടിണികിടന്നും കണ്ണു കെട്ടിയും മുട്ടിലിഴഞ്ഞും പ്ലാവിലത്തൊപ്പി വച്ചും ഒടുവില്‍ റീത്തുവച്ചും 18 ദിവസം മുട്ടിപ്പായി അവര്‍ യാചിച്ചിട്ടും സര്‍ക്കാര്‍ കണ്ട ഭാവം പോലും വച്ചില്ല. ഒന്നു ചര്‍ച്ചയ്ക്കു വിളിക്കാന്‍ പോലും അധികാരികള്‍ തയാറായില്ല. അവരുടെ കണ്ണീരും ചോരത്തുള്ളികളും വീണ് സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാത നനഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ കണ്ണുതുറന്നില്ല. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം നിയമനം നല്കാന് കഴിയില്ലെന്ന പതിവു പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്.
ഉപ്പുകല്ലില്‍ മുട്ടുകുത്തിനിന്ന് സമരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കുമെന്ന പ്രതീക്ഷയായിരുന്നു ഉദ്യോഗാര്‍ഥികളുടെ മനസില്‍. കാക്കിത്തൊപ്പി അണിയാന്‍ കൊതിച്ചവര്‍ പ്ലാവിലത്തൊപ്പി വച്ചും പ്രതിഷേധിച്ചു. മുട്ടിലിഴഞ്ഞ് ചോര പൊടിഞ്ഞപ്പോള്‍ വേദന കടിച്ചമര്‍ത്തി മുറിവുകളില്‍ മരുന്നുപുരട്ടി പരസ്പരം ആശ്വസിപ്പിച്ചു.
സമരം ഓരോ ദിവസം പിന്നിടുമ്പോഴും സര്‍ക്കാരിന്റെ നിസംഗത വനിതകളുടെ മനസുലച്ചു. കുട്ടികളെയും മറ്റും കുടുംബത്തില്‍ ഏല്‍പ്പിച്ച് ജോലിയെന്ന സ്വപ്നത്തിനായി സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയില്‍ എത്തിയ പല സ്ത്രീകളും പൊട്ടിക്കരഞ്ഞു.
പൊള്ളുന്ന മനസോടെ കയ്യില്‍ കര്‍പ്പുരം കത്തിച്ച് ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം കണ്ടുനിന്നവരുടെ മനസുലച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. ചുവപ്പു തുണികൊണ്ടു കണ്ണു മൂടിക്കെട്ടി, കണ്ണു തുറക്കൂ സര്‍ക്കാരേ എന്നു മുദ്രാവാക്യം വിളിച്ചായിരുന്നു അടുത്ത ദിവസത്തെ പ്രതിഷേധം.
ഉപ്പുകല്ല് നിരത്തി ഒറ്റക്കാലില്‍ തൊഴുകൈയോടെ നിന്നു. വിഷുദിനത്തില്‍ കണിയൊരുക്കി, ഞങ്ങളെ രക്ഷിക്കൂ എന്നു ചോര കൊണ്ടെഴുതിയാണ് വനിതകള്‍ പ്രതിഷേധിച്ചത്. തൂക്കുമരത്തിലേക്കു പോകുന്നുവെന്ന പ്രതീതിയില്‍ തലയില്‍ കറുത്ത തുണികൊണ്ടു മൂടിക്കെട്ടി മുട്ടില്‍നിന്നായിരുന്നു അടുത്ത ദിവസത്തെ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. ഒടുവില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വെള്ളത്തുണി പുതച്ച് റീത്ത് വച്ച് ഉദ്യോഗാര്‍ഥികള്‍ കിടന്നു.
'ഞങ്ങളുടെ നെഞ്ചത്ത് റീത്ത് വയ്ക്കരുതേ സര്‍ക്കാരേ' എന്നായിരുന്നു റീത്തില്‍ എഴുതിയിരുന്നത്. ഒടുവില്‍ റാങ്ക് പട്ടികയുടെ കാലാവധി തീരുമ്പോള്‍ കാക്കിക്കുപ്പായം എന്നത് കാണാക്കിനാവാണെന്ന തിരിച്ചറിവില്‍ മരിച്ച മനസോടെ മടങ്ങേണ്ട ഗതികേടിലാണ് ഉദ്യോഗാര്‍ഥകള്‍.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24നു നിലവില്‍ വന്നത് 967 പേരുടെ റാങ്ക് പട്ടികയായിരുന്നു. ഈ പട്ടികയില്‍ നിന്ന് ഇതുവരെ 292 പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്. കഴിഞ്ഞ ദിവസം 45 അഡൈ്വസ് മെമ്മോ അയച്ചിരുന്നു. തൊട്ടുമുന്നത്തെ വനിതാ സിപിഓ റാങ്ക് ലിസ്റ്റില്‍നിന്ന് 815 പേര്‍ക്കു നിയമനം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ഒഴിവു പോലും ഇല്ലെന്നാണു സര്‍ക്കാര്‍ പറയുന്നത്.
പക്ഷേ, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകള്‍ പ്രകാരം ഇപ്പോഴും 570 ഒഴിവുകള്‍ ഉണ്ടെന്നു സമരം ചെയ്യുന്നവര്‍ പറയുന്നു. ക്യാംപില്‍ നിന്ന് 570 പേരെ സ്റ്റേഷനുകളിലേക്കു മാറ്റുമ്പോള്‍ ക്യാംപില്‍ അത്രയും ഒഴിവു വരും. അപ്പോള്‍ നിയമനം ലഭിക്കുമെന്നായിരുന്നു സമരം ചെയ്യുന്നവരുടെ പ്രതീക്ഷ.
ക്യാംപില്‍ ജോലി ചെയ്യുന്നവരെ രേഖാമൂലം സ്റ്റേഷനിലേക്കു മാറ്റാതെ വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിലാണു ജോലി ചെയ്യിക്കുന്നതെന്നാണ് സമരക്കാരുടെ ആക്ഷേപം. ഒഴിവില്ലാത്ത സ്ഥിതി അധികൃതര്‍ തന്നെ സൃഷ്ടിച്ചതാണെന്നും ഇവര്‍ പറയുന്നു. ഒരു പൊലീസ് സ്റ്റേഷനില്‍ കുറഞ്ഞത് 6 വനിതാ പൊലീസുകാര്‍ വേണമെന്നതാണ് ചട്ടം. എന്നാല്‍ സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും ഇതിന്റെ പകുതിപേര് പോലുമില്ല. സേനയിലെ വനിതാ പ്രാതിനിധ്യം 15% വേണമെന്ന ആവശ്യം ശക്തമാണെങ്കിലും 10% പോലുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.