കോഴിക്കോട്; കോൺഗ്രസ് പ്രസ്ഥാനത്തിന്റെ യശ്ശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീർത്തിപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായ ഉന്തും തള്ളും മുൻനിർത്തിയാണ് നേതാക്കൻമാരുടെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗം.
‘‘ഏത് മഹത്തായ പരിപാടിയേയും മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യമാക്കുന്ന തരത്തിൽ അതിലേക്ക് ഇടിച്ചുകയറാൻ മത്സരിക്കുന്നവർ സ്വന്തം നിലമറന്ന് പെരുമാറുന്നു. സമൂഹ മധ്യത്തിൽ പ്രസ്ഥാനത്തെ പരിഹാസ്യമാക്കി മാറ്റുന്ന ഇത്തരം ഏർപ്പാട് ഇനിയെങ്കിലും നമ്മൾ മതിയാക്കണം. മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത പലതും പൈതൃകമായുള്ള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ യശ്ശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീർത്തിപ്പെടുത്തരുത്.
കോൺഗ്രസ് പാർട്ടിയിൽ ഇടിച്ചുകയറിയാൽ മാത്രം പിടിച്ചു നിൽക്കാൻ കഴിയുന്നതരം ‘പൊതുപ്രവർത്തന അലിഖിത ചട്ടം’ നിലവിൽ വരുന്നതിന് വളരെ മുമ്പ് വൻ ജനബാഹുല്യം അണിചേർന്ന പല സമരമുഖങ്ങളിലും തികഞ്ഞ അച്ചടക്കവും സ്വയം നിയന്ത്രണവും കാണിക്കാൻ അതീവശ്രദ്ധ പുലർത്തിയിരുന്നു എന്നത് മറന്നു പോകരുത്’.– മുഖപ്രസംഗത്തിൽ സൂചിപ്പിക്കുന്നു.
ഈ മാസം പന്ത്രണ്ടിനായിരുന്നു കോഴിക്കോട് പുതിയ ഡിസിസി ഓഫിസിന്റെ ഉദ്ഘാടനം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസിസി ഓഫിസാണ് കോഴിക്കോട് നിർമിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ചയോളം നീണ്ടുനിന്ന പരിപാടികൾ സംഘടിപ്പിക്കുകയും ഉദ്ഘാടനം വൻ സംഭവമാക്കുകയും ചെയ്തു. എന്നാൽ ഓഫിസ് ഉദ്ഘാടനത്തിനായി നാട മുറിക്കാൻ കെ.സി.വേണുഗോപാൽ എത്തിയപ്പോൾ ഒപ്പം നിൽക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
മുൻ ഡിസിസി പ്രസിഡന്റ് കെ.സി.അബു, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, ടി.സിദ്ദിഖ് എന്നിവരാണ് കെ.സി.വേണുഗോപാലിനൊപ്പം നിൽക്കാൻ ഉന്തും തള്ളുമുണ്ടാക്കിയത്. ഇത് പിന്നീട് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയ്ക്കും ആക്ഷേപത്തിനും ഇടയാക്കി. തുടർന്ന് ചടങ്ങുകളിൽ പാലിക്കേണ്ട മാർഗനിർദേശം തയാറാക്കുന്നതിന് വരെ കെപിസിസിക്ക് തീരുമാനമെടുക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് രൂക്ഷ വിമർശനവുമായി വീക്ഷണം രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.