ഗാന്ധിനഗർ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചവരെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനു നേരെ ആക്രമണം. കമ്പിവടി കൊണ്ടുള്ള അടിയേറ്റ്, സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കേരള പൊലീസിന്റെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) ഉദ്യോഗസ്ഥന്റെ തലയ്ക്കു പരുക്കേറ്റു.
ബീയർ കുപ്പിയും കമ്പിവടിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടംഗ സംഘത്തെ പൊലീസ് ഉദ്യോഗസ്ഥർ സാഹസികമായി കീഴ്‌പ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥനും മേലുകാവ് സ്വദേശിയുമായ ജോബിൻ ജോൺസണിനാണു പരുക്കേറ്റത്. തലയിൽ 5 തുന്നലുകളുണ്ട്. സംഭവത്തിൽ കുമാരനല്ലൂർ വല്യാലിൻചുവട് കൊല്ലേലിൽ ബിജോ കെ.ബേബി (20), ആലപ്പുഴ എണ്ണക്കാട് ചെങ്കിലാത്ത് പടീറ്റതിൽ ശ്രീകുമാർ (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജോ കെ. ബേബി ആർപ്പൂക്കര അങ്ങാടിപ്പള്ളി ഇല്ലത്തുപറമ്പിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണ്.വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.ആശുപത്രി പരിസരത്ത് മോഷണവും പോക്കറ്റടിയുമായി നടക്കുന്ന ആളാണ് ശ്രീകുമാറെന്നു പൊലീസ് പറഞ്ഞു. ഇയാൾ പണ്ട് ന്യൂറോ വിഭാഗത്തിൽ ചികിത്സയ്ക്കു വന്നതായിരുന്നു. അസുഖം ഭേദമായെങ്കിലും പിന്നീട് ആശുപത്രി വിട്ടു പോയില്ല. ഇടയ്ക്ക് പഴയ ചികിത്സാരേഖകൾ കാട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് വാർഡിനുള്ളിൽ കയറി മോഷണങ്ങൾ നടത്താറുണ്ടായിരുന്നു. പിടിക്കപ്പെട്ടതോടെ ഇയാളെ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിക്കാറില്ല. സംഭവ ദിവസം വൈകുന്നേരത്തോടെ ബിജോയും ശ്രീകുമാറും അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കണമെന്ന ആവശ്യവുമായെത്തി.
എന്നാൽ രേഖകളോ പ്രവേശന പാസോ ഇല്ലാത്തതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ അകത്തു കയറ്റിയില്ല. തുടർന്നു 3 തവണ ഇതേ ആവശ്യവുമായി ഇവർ എത്തിയെങ്കിലും കടത്തിവിട്ടില്ല. രാത്രി 11നാണ് ജോബിൻ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ആ സമയത്തും ഇവർ എത്തി. കടത്തിവിടാതെ വന്നതോടെ, പൊട്ടിച്ച ബീയർ കുപ്പിയും കമ്പിവടിയുമായി ഇരുവരും എത്തുകയായിരുന്നു. ബീയർ കുപ്പി കൊണ്ട് ശ്രീകുമാർ കുത്താൻ ശ്രമിച്ചപ്പോൾ ജോബിൻ ഒഴിഞ്ഞുമാറി.
എന്നാൽ ഈ സമയം ഷർട്ടിനുള്ളിൽ ഒളിപ്പിച്ച കമ്പിവടി ഉപയോഗിച്ച് ബിജോ ജോബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് പിടികൂടിയത്. ഗാന്ധിനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.