തിരുവനന്തപുരം: തമിഴ്നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീംകോടതി വിധി.തമിഴ്നാട് പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആര്.എന്‍. രവിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി വിധി പറഞ്ഞത്.സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ചാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരുകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ ഉത്തരവ് വന്നിരിക്കുന്നത്. സംഭവത്തില്‍ സുപ്രീംകോടതിയുടെ വിധിയെ പൂര്‍ണമായും പിന്താങ്ങുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു.
നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീതാണ് ഈ വിധി. ഇത് ജനാധിപത്യപത്യത്തിന്റെ വിജയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.