കൊച്ചി; മകൻ അസ്വാഭാവിക രീതിയിൽ മരിച്ച വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങൾക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്.
8 വർഷം മുൻപ് മകൻ കൊല്ലപ്പെട്ട വിഷയത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ 2 മാസങ്ങൾക്കുള്ളിൽ കുടുംബം തന്നെ കൊല്ലപ്പെട്ടത് ദുരൂഹത വർധിപ്പിക്കുന്നു. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും ഭാര്യയേയും ഇന്നു രാവിലെയാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.2017 ജൂൺ മാസത്തിലാണ് വിജയകുമാറിന്റെ മകൻ ഗൗതം കൃഷ്ണകുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു ഗൗതമിന്റെ പ്രായം. കാരിത്താസ് റെയിൽവേ ഗേറ്റിനു സമീപമാണ് ഗൗതമിന്റെ മൃതദേഹം കണ്ടത്. ഗൗതമിന്റെ കാർ കാരിത്താസ് ജംക്‌ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡിൽ പാർക്ക് ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു.
ഗൗതമിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവും കാറിൽ രക്തപ്പാടുകളും ഉണ്ടായിരുന്നു. മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കൾ കാറിൽ ഉണ്ടായിരുന്നതിനാൽ മോഷണത്തിനു വേണ്ടിയുള്ള കൊലപാതകം ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു. മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരെ വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഗൗതമിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
പൊലീസിന്റെ അന്വേഷണത്തില്‍ പിഴവുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയ പ്രതി വീട്ടിനുള്ളിൽ പ്രവേശിച്ചത് പിന്നിലെ വാതിൽ സ്ക്രൂഡ്രൈവർ കൊണ്ട് തുറന്നാണെന്നു പൊലീസ് കണ്ടെത്തി. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് പ്രതി വെട്ടിയത്. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ കൊലപ്പെടുത്തി. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്.
ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടു പേരുടെയും ശരീരത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെൽഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.