കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ്. മൂന്ന് ദിവസം മുമ്പ് തന്നെ പ്രതി കോട്ടയത്ത് ലോഡ്ജെടുത്ത് താമസിച്ചിരുന്നുവെന്നും കൃത്യത്തിന് ശേഷം സഹോദരൻ താമസിക്കുന്നിടത്തേക്ക് രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
തൃശ്ശൂർ മാളയിലെ കോഴി ഫാം കെട്ടിടത്തിൽനിന്നാണ് പ്രതിയെ രാവിലെയോടെ പിടികൂടുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.കൊലപാതകത്തിന് ശേഷം വീട്ടിലെ സിസിടിവി ഡിവിആർ അടക്കം പ്രതി മോഷ്ടിച്ചിരുന്നു. എന്നാൽ, നമ്പറുകളൊഴിവാക്കാൻ ഫോൺ ഓൺ ചെയ്തതാണ് ഇയാൾക്ക് കുരുക്കായത്. ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്.സഹോദരൻ ഇവിടെ ഉള്ളതുകൊണ്ടാണ് പ്രതി ഇവിടേക്ക് എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിക്കൊപ്പം സഹോദരനേയും ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളേയും തൃശ്ശൂർ പോലീസ് കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. ഇവർക്ക് കേസുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
വിജയകുമാർ കൊടുത്ത കേസിൽ അഞ്ചരമാസത്തോളം അമിത് ഒറാങ് റിമാൻഡിലായിരുന്നു. അന്ന് കോട്ടയത്തെ രണ്ട് സ്ത്രീകളായിരുന്നു ജാമ്യത്തിലെടുത്തത്. അറസ്റ്റിന് പിന്നാലെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന്റെ പ്രതികാരമായിരിക്കാം ക്രൂരമായ കൊലപാതകത്തിനു പിന്നിൽ. വിശദമായി ചോദ്യം ചെയ്തു വരികയാണ്.
വിജയകുമാറിന്റെ ഫോൺ എന്ത് ചെയ്തു എന്നടക്കം പരിശോധിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു. ഇരട്ടക്കൊലക്കും വിജയകുമാറിന്റെ മകന്റെ മരണത്തിനും തമ്മിൽ ബന്ധമില്ലെന്നും കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നും എസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ സഹോദരന് കൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. ഒളിവിൽ കഴിയാൻ സഹായിച്ചോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. 19-ാം തീയതി മുതൽ കോട്ടയത്തുവന്ന് താമസിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലോഡ്ജിൽവന്ന് റൂമെടുത്തതിനും കൃത്യം നടത്തുന്നതിന് മുമ്പ് ലോഡ്ജിൽ നിന്ന് പുറത്തേക്ക് പോകുന്നതും കൃത്യം നടത്തി തിരിച്ചുവന്ന് വെളുപ്പിന് അഞ്ച് മണിക്ക് തിരിച്ചു പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
വീട്ടിലെ ഡിവിആർ പ്രതി തന്നെയാണ് എടുത്തത്. ഇത് എന്താണ് ചെയ്തത്, എവിടെയാണ് ഉപേക്ഷിച്ചത് എന്നത് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല- കോട്ടയം എസ്.പി. ഷാഹുൽ ഹമീദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.