കൊച്ചി; ലഹരിക്കേസിൽ പ്രതിയായ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നു പൊലീസ്. സിനിമാ മേഖലയിലെ മുഖ്യ ലഹരിവിതരണക്കാരിൽ ഒരാളെന്നു കരുതുന്ന സജീറുമായും അടുത്തിടെ ഹൈബ്രിഡ് കഞ്ചാവു കേസിൽ പിടിയിലായ തസ്‌ലിമയുമായും ഷൈനിനുള്ള ബന്ധം തെളിയിക്കാനുള്ള വിവരശേഖരണം പൊലീസ് ഊർജിതമാക്കി.
നടന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ കോൾ വിവരങ്ങളും ഇന്നലെ ശേഖരിച്ചു.രണ്ടാംഘട്ട ചോദ്യം ചെയ്യലിനു മുൻപായി ഷൈനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരിൽ ലഹരിക്കച്ചവടക്കാരോ ഇടനിലക്കാരോ ഉണ്ടോ എന്നു കണ്ടെത്തി അന്വേഷണപരിധിയിൽ കൊണ്ടുവരാനാണു പൊലീസ് നീക്കം.അന്വേഷണ ഉദ്യോഗസ്ഥർ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നു. നിലവിലെ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ഇതിനോടകം പൊലീസ് ശേഖരിച്ച വിവരങ്ങളും വിലയിരുത്തി.
ഷൈനിനെതിരെ കാര്യമായ തെളിവു ലഭിച്ചിട്ടില്ലെന്നും വൈകാതെ വീണ്ടും ചോദ്യംചെയ്യുമെന്നും കമ്മിഷണർ പറഞ്ഞു. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസെടുത്തെങ്കിലും വേണ്ടത്ര തെളിവുകൾ ലഭിച്ചിട്ടില്ല. ഈ കേസുകൾ നിലനിൽക്കാൻ വേണ്ട തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണു നിലവിൽ അന്വേഷണ സംഘം. സിനിമാ മേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്നു ഷൈൻ പൊലീസിനു മൊഴി നൽകിയിട്ടില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.
എംഡിഎംഎയും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും ഒരു മാസത്തിനിടെ ഇവ ഉപയോഗിച്ചെന്നും ഷൈൻ സമ്മതിച്ചെങ്കിലും ഇതുറപ്പിക്കണമെങ്കിൽ പരിശോധനാഫലം ലഭിക്കണം. കോടതി മുഖേന ഇന്നലെയാണു സാംപിളുകൾ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചത്. ഷൈനിനൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്ന രണ്ടാം പ്രതി, മേക്കപ്മാൻ മലപ്പുറം വളവന്നൂർ കൽപാഞ്ചേരി വരിക്കോട്ടിൽ അഹമ്മദ് മുർഷാദിനെയും പൊലീസ് ചോദ്യംചെയ്യും. പാലക്കാട്നിന്നു മദ്യക്കുപ്പികളുമായാണു മുർഷാദ് ഷൈനിനെ കാണാനെത്തിയത്.
മുറിയിൽനിന്ന് ഇവ പൊലീസിനു ലഭിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും ലഹരിവസ്തുക്കൾ മുർഷാദ് ഷൈനിനു കൈമാറിയിട്ടുണ്ടാവുമെന്നാണു പൊലീസിന്റെ നിഗമനം. ഇത് ഒളിപ്പിക്കാനോ നശിപ്പിച്ചുകളയാനോ ആവാം നടൻ സാഹസിക ജനൽചാട്ടം നടത്തി കടന്നുകളഞ്ഞതെന്നും പൊലീസ് കരുതുന്നു.
വിദേശ മലയാളിയായ വനിതയെ ഷൈൻ ഈ ഹോട്ടലിൽ കണ്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും ഇവിടെ അന്നു മുറിയെടുത്തിരുന്നു. ഇവരുമായി ഫോൺ മുഖേന ദീർഘകാലത്തെ പരിചയമുണ്ടെന്നും കൊച്ചിയിലെത്തിയപ്പോൾ കണ്ടതാണെന്നുമാണു ഷൈൻ പൊലീസിനോടു പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.