കോട്ടയം : ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു. കോട്ടയം ഉഴവൂരിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്സുകളിലായി ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണം, വെള്ളി മെഡലുകൾ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്. ഷൂട്ടിങ്ങിൽ 5 തവണ സംസ്ഥാന ചാംപ്യനും 1976ൽ ദേശീയ ചാംപ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്.
കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബർ 26നാണ് സണ്ണി തോമസിന്റെ ജനനം. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂർ സെന്റ് സ്റ്റീഫൻസിൽ ഇംഗ്ലിഷ് അധ്യാപകനായി ചേരും മുൻപു തേവര സേക്രഡ് ഹാർട്ട് കോളജിലും പഠിപ്പിച്ചു. ഷൂട്ടിങ്ങിൽ ഇന്ത്യ നേടിയ മെഡൽത്തിളങ്ങൾക്കു പിന്നിൽ ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിന്റെ അധ്വാനവും അർപ്പണവുമുണ്ട്. 19 വർഷം ഇന്ത്യൻ ടീമിന്റെ ചീഫ് കോച്ചായിരുന്നു സണ്ണി തോമസ്. 2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടിയപ്പോൾ ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡലായി അത്. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണമണിഞ്ഞപ്പോൾ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമായി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നാരങ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസിലെ പരിശീലകന് അംഗീകാരമെത്തി. ഏഷ്യൻ ഗെയിംസുകളിൽ 29 മെഡലുകളും കോമൺ വെൽത്ത് ഗെയിംസിൽ 95 മെഡലുകളും സണ്ണി തോമസിന്റെ കുട്ടികൾ വെടിവച്ചിട്ടു. ലോകകപ്പിലെ നേട്ടങ്ങൾ അൻപതോളം. 1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്നതാണു സണ്ണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അഞ്ച് തവണ അദ്ദേഹം സംസ്ഥാന ചാംപ്യനായി. 1976ൽ ദേശീയ ചാംപ്യൻ. 1993 മുതൽ പരിശീലക വേഷത്തിൽ.ഭാര്യ: പ്രഫ.കെ.ജെ.ജോസമ്മ. മക്കൾ: മനോജ് സണ്ണി, സനിൽ സണ്ണി, സോണിയ സണ്ണി.ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു : കോട്ടയം ഉഴവൂരിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം
0
ബുധനാഴ്ച, ഏപ്രിൽ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.