ഐപിഎൽ മത്സരങ്ങൾ തുടങ്ങി പിന്നെയും 3 വർഷം കഴിഞ്ഞാണ് വൈഭവ് സൂര്യവംശി ജനിക്കുന്നത്. എന്നാൽ 14 വർഷത്തിനിപ്പുറം ഐപിഎലിന്റെ പ്രധാന മേൽവിലാസമായി മാറിയിരിക്കുകയാണ് പതിനാലുകാരൻ വൈഭവ്. ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിൽ തുടങ്ങി ഐപിഎലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറി വരെ നീളുന്ന റെക്കോർഡുകളുടെ പെരുമഴ പെയ്യിച്ചാണ് ഗുജറാത്തിനെതിരായ മത്സരത്തിൽ വൈഭവ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്.
ബിഹാറിലെ ഉൾനാടൻ ജില്ലയായ സമസ്തിപുരിലെ കർഷകനായ സഞ്ജീവ് സൂര്യവംശി ഒരു സുപ്രഭാതത്തിൽ തന്റെ കൃഷിയിടം മുഴുവൻ വിറ്റു. കൃഷി ലാഭമായിരുന്നിട്ടും, കുടുംബത്തിന്റെ ഏക വരുമാനമായിരുന്നിട്ടും കൃഷിയിടം വിറ്റ സഞ്ജീവിനെ വീട്ടുകാരും നാട്ടുകാരും ഒരുപോലെ കുറ്റപ്പെടുത്തി. അവരോടെല്ലാം സഞ്ജീവ് പറഞ്ഞത് ഒരേ മറുപടിയായിരുന്നു– ഇതെന്റെ മകനു വേണ്ടിയാണ്, അവന്റെ ക്രിക്കറ്റ് കരിയറിനു വേണ്ടിയാണ്!മകൻ വൈഭവിനെ പ്രഫഷനൽ ക്രിക്കറ്ററാക്കുന്നതിലൂടെ തനിക്കു സാധിക്കാതെ പോയ ക്രിക്കറ്റ് സ്വപ്നം യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യം കൂടി സഞ്ജീവിനുണ്ടായിരുന്നു.ഒരു ദിവസം കുറഞ്ഞത് 100 ഓവർ നെറ്റ്സിൽ ബാറ്റ് ചെയ്യണം– അതായിരുന്നു പട്ന ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകൻ മനിഷ് ഓജ വൈഭവിന് നൽകിയ നിർദേശം. ഇത് അക്ഷരംപ്രതി പാലിച്ച വൈഭവ് ചില ദിവസങ്ങളിൽ 100ൽ അധികം ഓവറുകൾ നെറ്റ്സിൽ നേരിട്ടു. പന്തുകളുടെ വേഗമായിരുന്നു വൈഭവിന്റെ അടുത്ത വെല്ലുവിളി.തുടക്കത്തിൽ അക്കാദമിയിലെ ബോളർമാരെ മാത്രമാണ് വൈഭവിനു നേരിടേണ്ടിവന്നതെങ്കിൽ പിന്നാലെ ബോളിങ് മെഷീനിലൂടെ വേഗം കൂടിയ പന്തുകൾ വൈഭവിനെ തേടിയെത്തി. ചുരുങ്ങിയ സമയം കൊണ്ട് മണിക്കൂറിൽ 150 കിലോമീറ്റർ വേഗമുള്ള പന്തുകൾ വൈഭവ് സധൈര്യം നേരിട്ടുതുടങ്ങി.ആഭ്യന്തര ക്രിക്കറ്റിൽ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയനായ വൈഭവ്, 14–ാം വയസ്സിൽ ഒരു സംസ്ഥാന അണ്ടർ 19 ടൂർണമെന്റിൽ ട്രിപ്പിൾ സെഞ്ചറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പിന്നാലെയാണ് ദേശീയ അണ്ടർ 19 ടീമിലേക്കുള്ള വിളി വരുന്നത്. ഏഷ്യാ കപ്പ് അണ്ടർ 19 ടൂർണമെന്റിൽ ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ വൈഭവ് 44 ബാറ്റിങ് ശരാശരിയിൽ 176 റൺസാണ് അടിച്ചുകൂട്ടിയത്.ഇതിനു പിന്നാലെയാണ് ഐപിഎൽ താരലേലത്തിൽ റജിസ്റ്റർ ചെയ്യാൻ വൈഭവിന് അവസരം ലഭിച്ചത്. അവിടെ നിന്ന് 1.1 കോടി രൂപയ്ക്കു രാജസ്ഥാൻ വൈഭവിനെ സ്വന്തമാക്കി.സ്വതസിദ്ധമായി ലഭിച്ച ബാറ്റ് സ്വിങ്ങും പെർഫക്ട് ഷോട്ട് ടൈമിങ്ങുമാണ് വൈഭവിന്റെ പ്രത്യേകത. ഓരോ ഷോട്ട് കളിക്കുന്നതിനു മുൻപും ശരീരം കൃത്യമായ പൊസിഷനിൽ കൊണ്ടുവരാനും സാധിക്കുന്നു.ഇവയെല്ലാം ഒത്തുവരുന്നതിനാലാണ് ഈ ചെറിയ പ്രായത്തിൽ തന്നെ കളിക്കുന്ന ഷോട്ടുകളിൽ മികച്ച പവർ കൊണ്ടുവരാൻ വൈഭവിന് കഴിയുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിൽ വൈഭവിന്റെ പല സിക്സറുകളും 90 മീറ്റർ ദൂരം പിന്നിട്ടതിനു പിന്നിലെ രഹസ്യമിതാണ്.ഐപിഎലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറി കരസ്തമാക്കി 14 കാരൻ വൈഭവ് സൂര്യവംശി
0
ചൊവ്വാഴ്ച, ഏപ്രിൽ 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.