ജയ്പൂർ: രാജസ്ഥാൻ റോയൽസിന്റെ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്കു മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. രാജസ്ഥാനു വേണ്ടി ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ തകർത്തടിച്ച താരത്തിന് രണ്ടാം പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ തിളങ്ങാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വൈഭവ് സൂര്യവംശിക്ക് ഉപദേശവുമായി സേവാഗ് തന്നെ രംഗത്തെത്തിയത്. കോടിപതിയായെന്ന ചിന്ത വൈഭവിനു വന്നുകഴിഞ്ഞെങ്കിൽ അദ്ദേഹം അടുത്ത ഐപിഎലിൽ ഉണ്ടാകില്ലെന്നും സേവാഗ് പ്രതികരിച്ചു. ലക്നൗവിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച വൈഭവ് 20 പന്തിൽ 34 റൺസെടുത്തിരുന്നു. എന്നാൽ ആർസിബിക്കെതിരെ 12 പന്തില്‍ 16 റൺസ് നേടാൻ മാത്രമാണ് വൈഭവ് സൂര്യവംശിക്കു സാധിച്ചത്.
‘‘ഗ്രൗണ്ടിൽ മികച്ച പ്രകടനമാണെങ്കിൽ ആളുകൾ അഭിനന്ദിക്കും. മോശമായാൽ വിമർശിക്കുകയും ചെയ്യും. വൈഭവ് ഇതു മനസ്സിലാക്കണം. എളിമയോടെ നില്‍ക്കാനാണ് വൈഭവ് പഠിക്കേണ്ടത്. കുറച്ചു മത്സരങ്ങളിൽ തിളങ്ങുമ്പോഴേക്കും പണം ലഭിക്കും. പ്രശസ്തിയും ആകും. പിന്നീട് പ്രത്യേകിച്ചൊന്നും ചെയ്യാതെ ഒരിടത്തും എത്താതെ പോകുന്ന ഒരുപാടു താരങ്ങളെ എനിക്ക് അറിയാം.കുറച്ചു മത്സരങ്ങൾകൊണ്ട് വലിയ താരങ്ങളായി എന്നാണ് പല ക്രിക്കറ്റർമാരും കരുതുന്നത്. 20 വർഷമെങ്കിലും ഐപിഎൽ കളിക്കണം എന്നതാകണം വൈഭവിന്റെ ലക്ഷ്യം.’’ ‘‘വിരാട് കോലി 19–ാം വയസ്സിലാണ് ആദ്യമായി ഐപിഎൽ കളിക്കുന്നത്. അത് ഇപ്പോഴും തുടരുന്നു. വിരാട് കോലിയെയാണു വൈഭവ് മാതൃകയാക്കേണ്ടത്. ഒന്നോ രണ്ടോ പ്രകടനങ്ങൾ കൊണ്ട് തൃപ്തിപ്പെടരുത്. കോടിപതിയായെന്നു കരുതിയാൽ അടുത്ത ഐപിഎലിൽ ഈ താരത്തെ കാണണമെന്നില്ല.’’– സേവാഗ് സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. 1.1 കോടി രൂപയ്ക്കാണ് വൈഭവ് സൂര്യവംശിയെ മെഗാലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന വൈഭവിന്, ക്യാപ്റ്റൻ സഞ്ജു സാംസണ് പരുക്കേറ്റതോടെയാണു ടീമിൽ അവസരം ലഭിച്ചത്.രാജസ്ഥാൻ റോയൽസിന്റെ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്കു മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്
0
തിങ്കളാഴ്ച, ഏപ്രിൽ 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.