പെരുമ്പാവൂർ: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്നു മരിച്ച യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു രഹസ്യമായി സംസ്കരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു.
മൃതദേഹം പൊലീസ് ഏറ്റെടുത്തു താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കളമശേരി മെഡിക്കൽ കോളജിൽ തിങ്കളാഴ്ച പോസ്റ്റ് മോർട്ടത്തിനു ശേഷം പെരുമ്പാവൂരിൽ കബറടക്കും. പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻ ചുവട് കൊപ്രമ്പിൽ കുടുംബാംഗവും മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മൻസിലിൽ സിറാജുദീന്റെ ഭാര്യയുമായ അസ്മ (35) ആണ് മരിച്ചത്.പ്രസവാനന്തരം പ്രശ്നങ്ങൾ നേരിട്ടെങ്കിലും ആശുപത്രിയിൽ എത്തിക്കുകയോ നവജാത ശിശുവിനെ പരിചരിക്കുകയോ ചെയ്തില്ലെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നവജാത ശിശുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകിട്ട് 6 ന് പ്രസവിച്ച അസ്മ, രാത്രി 9 ന് മരിച്ചു. ഈ വിവരം രാത്രി 12 ന് ആണ് അസ്മയുടെ വീട്ടിൽ അറിയിച്ചത്. മൃതദേഹവും നവജാതശിശുവുമായി സിറാജുദീൻ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ആംബുലൻസിൽ ഞായറാഴ്ച രാവിലെ 7 ന് യുവതിയുടെ വീട്ടിൽ എത്തി. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാതെ ഉണങ്ങിയ ചോരപ്പാടുകളുമായി വീട്ടിലെത്തിയപ്പോൾ ബന്ധുക്കളായ സ്ത്രീകൾ ചോദ്യം ചെയ്തു. തുടർന്നുള്ള സംഘർഷത്തിൽ പരുക്കേറ്റ സിറാജുദ്ദീനും അസ്മയുടെ ബന്ധുക്കളായ സ്ത്രീകളും ഉൾപ്പെടെ 11 പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അക്യുപങ്ചർ ബിരുദം നേടിയിട്ടുള്ളവരാണ് സിറാജുദ്ദീനും അസ്മയും. മടവൂർ കാഫില എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന സിറാജുദീൻ അമാനുഷികമായ സിദ്ധികളുള്ള വ്യക്തിയായി സ്വയം പ്രചരിപ്പിക്കുന്നതായി അസ്മയുടെ ബന്ധുക്കൾ ആരോപിച്ചു. അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു. ആദ്യ രണ്ടെണ്ണം ആശുപത്രിയിലും പിന്നെ മൂന്നെണ്ണം വീട്ടിലുമാണ് നടന്നത്. അസ്മയുടെ മറ്റ് മക്കൾ: മുഹമ്മദ് യാസിൻ, അഹമ്മദ് ഫൈസൽ, ഫാത്തിമത്തുൽ സഹറ, അബുബക്കർ കദീജ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.