പാലാ: ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കല്‍ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയപള്ളി നേതൃത്വം നല്‍കുന്ന നഗരം ചുറ്റിയുള്ള 67-ാമത് കുരിശിന്റെ വഴിയും ഈശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണവും ദുഃഖ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.00 നു നടത്തും.
പട്ടണം പൂർണമായി ചുറ്റിയുള്ള കുരിശിന്റെ വഴി എന്നതാണ് ഈ കുരിശിൻ്റെ വഴിയുടെ പ്രത്യേകത. പാലായുടെ പരിസര പ്രദേശങ്ങളിൽ നിന്നായി അനേകായിരങ്ങളാണ് കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നത്.
ളാലം പഴയ പള്ളിയിൽ പ്രാരംഭ പ്രാർഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി പുത്തൻപള്ളിക്കുന്ന് ഇറങ്ങി കൊട്ടാരമറ്റം വഴി ബിഷപ്സ് ഹൗസിനു മുന്‍പിലൂടെ കുരിശുപള്ളി, മഹാറാണി ജംക്‌ഷൻ, കിഴതടിയൂർ ജംക്‌ഷൻ വഴികളിലൂടെ സമാന്തര റോഡ് വഴി തിരികെ പള്ളിയിലെത്തി സമാപിക്കും.
വികാരി റവ.ഫാ ജോസഫ് തടത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കും'അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട് സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് 2.30 നു ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തിൽ "അർണോസ് പാതിരി" രചിച്ച വിഖ്യാതമായ പുത്തൻപാനയുടെ 12-ാം പാദ വായനയ്ക്കു ശേഷമാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്.
മുണ്ടനോലിക്കൽ ഔതച്ചൻ, പുളിക്കൽ ഔതച്ചൻ, സഹോദരൻ കുഞ്ഞാഗസ്തി, ആവിമൂട്ടിൽ അപ്പി, മകൻ തൊമ്മൻ എന്നിവരുടെ നേതൃത്വത്തിൽ പഴയ പള്ളിയുടെ പരിസരത്ത് നടത്തിയിരുന്ന പ്രസിദ്ധമായ 'പങ്കപ്പാട്' ദൃശാവിഷ്കരണമായിരുന്നു കുരിശിന്റെ വഴിയുടെ ആദിരൂപം. തടിയും ചിരട്ടയും ഉപയോഗിച്ച് നിർമിക്കപ്പെട്ടതും ചരടുകളാൽ നിയന്ത്രിക്കപ്പെട്ടിരുന്നതുമായ രൂപങ്ങള്‍ ഉപയോഗിച്ച് കുരിശിന്റെ വഴിയുടെ ഓരോ രംഗവും പുനരാവിഷ്കരിച്ചിരുന്ന അപൂർവമായ കലാരൂപമായിരുന്നു പങ്കപ്പാട് ദൃശ്യാവിഷ്കാരം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജാതിമതഭേദമെന്യേ അനേകായിരങ്ങൾ എത്തുകയും ജനബാഹുല്യം നിയന്താണാതീതമാകുകയും ചെയ്തപ്പോൾ 1958ൽ ളാലം പള്ളി വികാരിയായിരുന്ന ഫാ.ഏബ്രഹാം കൈപ്പൻപ്ലാക്കലാണ് ദൃശ്യാവിഷ്കരണം നിറുത്തി നഗരി കാണിക്കൽ കുരിശിന്റെ വഴി ആരംഭിച്ചത്. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളിലും നടത്തിയിരുന്ന വികാരസാന്ദ്രമായ പ്രസംഗങ്ങൾ കേട്ട് കണ്ണീരണിഞ്ഞാണ് അക്കാലത്ത് ആളുകൾ കുരിശിന്റെ വഴിയിൽ സംബന്ധിച്ചിരുന്നത്.
ഇപ്പോൾ കുരിശിന്റെ വഴിയുടെ പ്രധാന 5 സ്ഥലങ്ങളിലാണ് സന്ദേശങ്ങൾ നൽകുക. ദുഃഖ വെള്ളിയാഴ്ച നടത്തുന്ന കുരിശിന്റെ വഴിയിൽ പുഷ്പാലംകൃതമായ വാഹനത്തിൽ മിശിഹായുടെ കബറടക്ക തിരുസ്വരൂപം സംവഹിക്കും. കുരിശിന്റെ വഴിയുടെ സമാപനത്തിൽ നേർച്ചക്കഞ്ഞി വിതരണം ചെയ്യും.
പെസഹാ വ്യാഴാഴ്ച രാവിലെ 6 മണിക്ക് ആരാധന, ജപമാല തുടർന്ന് ആഘോഷമായ വി.കുർബ്ബാനയും കാൽകഴുകൽ ശുശ്രൂഷയും നടക്കും. തിരുക്കർമങ്ങൾക്കും കുരിശിന്റെ വഴിയ്ക്കും വികാരി ഫാ.ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി. ഫാ.ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ ഫാ.സ്കറിയ മേനാംപറമ്പിൽ, ഫാ.ആൻ്റണി നങ്ങാപറമ്പിൽ കൈക്കാരന്മാരായ ടോം ഞാവള്ളി തെക്കേൽ പ്രൊഫ.തങ്കച്ചൻ മാത്യു, മാണി കുന്നംകോട്ട്,, ബേബിച്ചൻ ചക്കാലക്കൽ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നല്‍കും.
പത്രസമ്മേളനത്തിൽ വികാരി.ഫാ ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി. ഫാ.ജോസഫ് ആലഞ്ചേരിൽ, കൈക്കാരൻമാരായ മാണി കുന്നംകോട്ട്, ബേബിച്ചൻ ചക്കാലയക്കൽ, കൺവീനർമാരായ രാജേഷ് പറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.