കൽപറ്റ/കൊച്ചി∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിന്റെ ന്യായവില നിർണയിക്കുന്നതിൽ അപാകതയുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 26 കോടി രൂപയാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി സർക്കാർ ആദ്യം നിർണയിച്ചത്. എന്നാൽ ന്യായവിലയിൽ മാറ്റം വന്നതോടെ ഇത് 42 കോടി രൂപയായി മാറുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കോടതിയുടെ നിർദേശപ്രകാരം തുക കൈമാറാമെന്നും അറിയിച്ചു.നഷ്ടപരിഹാരമായി സർക്കാർ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നാണ് എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചത്. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. 549 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ഉടമ കോടതിയെ അറിയിച്ചു.എന്നാൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് സ്ഥലം ഏറ്റെടുത്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വാദം കേട്ട കോടതി നാളെ വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട് 15 ദിവസമായിട്ടും കോടതി വ്യവഹാരം നീണ്ടതിനാൽ ടൗൺഷിപ്പ് നിർമാണം തുടങ്ങാനായില്ല. തറക്കല്ലിട്ട് തൊട്ടടുത്ത ദിവസം തന്നെ നിർമാണം തുടങ്ങാനായിരുന്നു നീക്കം. ഇതിനിടെയാണ് കോടതിയിൽ ഹർജി എത്തിയത്.നിർമാണ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ എത്രയും പെട്ടന്ന് നിർമാണം ആരംഭിക്കാൻ ഒരുക്കമാണെങ്കിലും കോടതിയിൽനിന്ന് വിധി വരാതെ നിർമാണം തുടങ്ങാനാകില്ലെന്ന് അറിയിച്ചു. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം. ഏഴു സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്.ടൗൺഷിപ്പിൽ വീട് നിർമിക്കുന്നവരുടെ അന്തിമ പട്ടിക ഈ മാസം 20നാണ് പ്രസിദ്ധീകരിക്കുന്നത്. 402 ഗുണഭോക്തൃ പട്ടികയിൽ 400 പേരാണ് സമ്മതപത്രം നൽകിയത്. ഇവരിൽ 290 പേർ വീടിനും 110 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയത്. ദുരന്തമേഖലയിൽ അവശേഷിച്ച വീട് കൈവിടാൻ താൽപര്യമില്ലാത്തതിനാൽ മാത്രമാണ് 2 പേർ വീടും സാമ്പത്തിക സഹായവും സ്വീകരിക്കാൻ തയാറാകാത്തത്.സമ്മത പത്രം നൽകിയെങ്കിലും പുഞ്ചിരിമട്ടത്തുള്ള ഗോത്രകുടുംബവും ടൗൺഷിപ്പിൽനിന്ന് ഒഴിവാക്കി അതേ സ്ഥലത്ത് തന്നെ താമസിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. 26 കോടി രൂപ പ്രതീകാത്മകമായി കോടതിയിൽ കെട്ടിവച്ചാണ് നിർമാണം ഉദ്ഘാടനം ചെയ്തത്.പണം കോടതി സ്വീകരിച്ച ശേഷമേ നിർമാണത്തിനായി ഊരാളുങ്കലിന് സ്ഥലം കൈമാറാൻ സാധിക്കൂ. 410 വീടുകൾ നിർമിക്കാനാണ് ഊരാളുങ്കലിന് നിർദേശം ലഭിച്ചിരിക്കുന്നത്. ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം. എന്നാൽ കോടതി വ്യവഹാരം നീണ്ടുപോകുന്നതിനാൽ നിർമാണവും വൈകുകയാണ്.ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിന്റെ ന്യായവില നിർണയിക്കുന്നതിൽ അപാകതയുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
0
വ്യാഴാഴ്ച, ഏപ്രിൽ 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.