സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതികൾക്കെതിരേ കുരുക്കുമുറുക്കി പൊലിസ്. ഇത്തരം കേസുകളിൽ പ്രതികൾ നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതും പിടിച്ചെടുക്കുന്നതും ഫ്രീസ് ചെയ്യുന്നതും അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പ്രധാന ഭാഗമായിരിക്കണമെന്നാണ് നിർദേശം.
അങ്ങനെ വരുമ്പോൾ തന്നെ മറ്റുള്ളവർക്ക് ഇത് മുന്നറിയിപ്പായിരിക്കുമെന്നുമാണ് പൊലിസ് വിലയിരുത്തൽ. ഇതുസംബന്ധിച്ച വിശദമായ സർക്കുലർ സംസ്ഥാന പൊലിസ് മേധാവി ഷെയ്ക്ക് ദർവേഷ സാഹിബ് പുറത്തിറക്കി. 1985ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി കടുപ്പിക്കുന്നത്.എൻ.ഡി.പി.എസ് നിയമത്തിലെ 63 ാം വകുപ്പിൽ പറഞ്ഞിരിക്കുന്ന കണ്ടുകെട്ടൽ നടപടിക്രമം കർശനമായി പാലിക്കണമെന്നാണ് നിർദേശം. മയക്കുമരുന്ന് കടത്ത് കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ, പിടിച്ചെടുക്കൽ, പ്രതികളെ ചോദ്യം ചെയ്യൽ എന്നിവ നടത്തുമ്പോൾ അതീവ ശ്രദ്ധാലുക്കളായിരിക്കണം.നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തുന്നത് അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഒരു പ്രധാന ഭാഗമായിരിക്കണം. അല്ലാത്തപക്ഷം പലപ്പോഴും മയക്കുമരുന്ന് കച്ചവടക്കാർക്ക് അവരുടെ നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കളുടെ സാമ്പത്തിക നേട്ടങ്ങൾ അനുഭവിക്കാൻ ഇടയാക്കും. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ഇടയാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് മുമ്പ്, വ്യക്തികൾക്ക് അവരുടെ ആസ്തികളുടെ നിയമസാധുത വിശദീകരിക്കാൻ അവസരം നൽകണം. വിട്ടുവീഴ്ച ചെയ്യാൻ സാധുവായ കാരണങ്ങൾ ഉണ്ടായിരിക്കണം, അത് രേഖാമൂലം രേഖപ്പെടുത്തണം. കുടുംബാംഗങ്ങൾ അല്ലെങ്കിൽ കൂട്ടാളികൾ പോലുള്ള മൂന്നാം കക്ഷി സ്വത്ത് ഉടമകളെയും അറിയിക്കണം. നിയമവിരുദ്ധ സ്വത്ത് ഒളിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് തടയാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം.ഇത്തരം സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് അടിയന്തര നടപടി സ്വീകരിക്കാൻ എൻ.ഡി.പി.എസ് നിയമത്തിലെ 63 ാം വകുപ്പ് അധികാരം നൽകുന്നു. നേരിട്ടുള്ള കണ്ടുകെട്ടൽ സാധ്യമല്ലെങ്കിൽ സ്വത്തുക്കൾ ഫ്രീസ് ചെയ്യാവുന്നതാണ്. മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ കാരണം കണ്ടുകെട്ടിയതോ കണ്ടുകെട്ടാൻ സാധ്യതയുള്ളതോ ആയ സ്വത്തുക്കളുടെ ശരിയായ മേൽനോട്ടവും നടത്തിപ്പും ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഉയർന്ന റാങ്കിലുള്ള (ജോയിന്റ് സെക്രട്ടറി അല്ലെങ്കിൽ അതിന് മുകളിലുള്ള) നിയമിത ഉദ്യോഗസ്ഥർ മുഖേന കേന്ദ്ര സർക്കാർ ഈ പ്രക്രിയ നിയന്ത്രിക്കും.കണ്ടുകെട്ടിയ സ്വത്തുക്കൾ സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് വിനിയോഗിക്കുകയും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും നിയമവിരുദ്ധമായി വീണ്ടും കൈവശം വയ്ക്കുന്നത് തടയാനും ഇത് സഹായകമാകും. നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കൾ മറയ്ക്കാൻ ട്രസ്റ്റുകൾ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയണമെന്ന് ഡി.ജി.പി നിർദേശിക്കുന്നു.മയക്കുമരുന്ന് കേസ് പ്രതികളുടെ സ്വത്തുക്കൾ പിടിച്ചെടുക്കണമെന്ന് പുതിയ സർക്കുലർ പുറത്തിറക്കി.
0
ശനിയാഴ്ച, ഏപ്രിൽ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.